കസ്‌ഗഞ്ച് (ഉത്തര്‍പ്രദേശ്) :തീര്‍ഥാടകരുമായി പോയ ട്രാക്‌ടര്‍ കുളത്തിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. ഇതില്‍ എട്ട് പേര്‍ കുട്ടികളും 13 പേര്‍ സ്‌ത്രീകളുമാണ്. ഉത്തര്‍പ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലാണ് നിയന്ത്രണം വിട്ട ട്രാക്‌ടര്‍ കുളത്തില്‍ വീണത് (UP Kasganj accident).
രാവിലെ പത്ത് മണിയോടെ പട്യാലി ദരിയാവ്‌ഗഞ്ച് റോഡിലായിരുന്നു അപകടം. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായി. ആദ്യം നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. പിന്നാലെ പൊലീസും ഭരണകൂടവും രംഗത്ത് എത്തി.
പതിനഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഗംഗ സ്‌നാനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. എട്ട് അടിയോളം ആഴമുള്ള കുളത്തിലേക്കാണ് ട്രാക്‌ടര്‍ പതിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അലിഗഢ് മേഖലയിലെ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ശലഭ് മാത്തൂര്‍ പറഞ്ഞു (Patiali-Dariavganj Road).