കേരളം

kerala

ETV Bharat / bharat

2000 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് കേസ് ; മുൻ ഡിഎംകെ പ്രവർത്തകൻ ജാഫർ സാദിഖ് പിടിയില്‍

2000 കോടിയിലധികം രൂപയുടെ മയക്കുമരുന്ന് രാജ്യത്തിന് പുറത്തേക്ക് കടത്തിയ കേസിൽ ചലച്ചിത്ര നിർമ്മാതാവും മുൻ ഡിഎംകെ പ്രവർത്തകനുമായ ജാഫർ സാദിഖ് അറസ്‌റ്റിൽ. മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാഫർ സാദിഖിനെ അടുത്തിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

By ETV Bharat Kerala Team

Published : Mar 9, 2024, 5:01 PM IST

International Drugs Trafficking  Jaffer Sadiq Arrested  NCB Arrests Ex DMK Functionary  ന്യൂഡൽഹി
NCB Arrests Ex-DMK Functionary Jaffer Sadiq In Rs 2000 Cr Drug Trafficking Case

ന്യൂഡൽഹി : 2,000 കോടിയിലധികം രൂപ വിലമതിക്കുന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് അന്വേഷണ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ മുൻ ഡിഎംകെ പാർട്ടി പ്രവർത്തകൻ ജാഫർ സാദിഖിനെ അറസ്‌റ്റ് ചെയ്‌തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ശനിയാഴ്‌ച (09-03-2024) അറിയിച്ചു (NCB Arrests Ex-DMK Functionary Jaffer Sadiq In Rs 2000 Cr Drug Trafficking Case). ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ മയക്കുമരുന്ന് ശൃംഖലയുടെ സൂത്രധാരനാണ് ജാഫർ സാദിഖെന്ന് ഫെഡറൽ ആന്‍റി നാർക്കോട്ടിക് ഏജൻസി പറഞ്ഞു.

തമിഴ് സിനിമകളുടെ നിർമ്മാതാവ് കൂടിയായ ജാഫർ സാദിഖിന്‍റെ മയക്കുമരുന്ന് ശൃംഖലയുമായുള്ള ബന്ധവും ഏജൻസി പരാമർശിച്ചതിനെത്തുടർന്ന് അടുത്തിടെ ഭരണകക്ഷിയായ ഡിഎംകെ പാർട്ടിയിൽ നിന്ന് ജാഫറിനെ പുറത്താക്കിയിരുന്നു. ഡിഎംകെയുടെ എൻആർഐ വിഭാഗത്തിന്‍റെ ചെന്നൈ വെസ്‌റ്റ് ഡെപ്യൂട്ടി ഓർഗനൈസർ ആയിരുന്നു ജാഫർ സാദിഖ്.

കഴിഞ്ഞ മാസം, ഡൽഹിയിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്‌ഡിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേരെ അറസ്‌റ്റ് ചെയ്യുകയും 50 കിലോ മയക്കുമരുന്ന് ഉണ്ടാക്കുന്ന രാസവസ്‌തുവായ സ്യൂഡോഫെഡ്രിൻ പിടികൂടുകയും ചെയ്‌തതായി എൻസിബി അറിയിച്ചിരുന്നു.

2023 അവസാനത്തോടെ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് അധികാരികളിൽ നിന്ന് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡറിലും ഫുഡ് ഫുഡ് പൗഡറിലും ഒളിപ്പിച്ച നിലയില്‍ "വലിയ അളവിലുള്ള" സ്യൂഡോഫെഡ്രിൻ ഇന്ത്യയിൽ നിന്ന് അവരുടെ രാജ്യങ്ങളിലേക്ക് കടത്തുന്നു എന്ന് ഡൽഹി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്‍റെ പ്രത്യേക സെല്ലിനൊപ്പം എൻസിബി തിരച്ചിൽ നടത്തിയത്.

യു എസ് ഡിഇഎയുടെ ( ഡ്രഗ് എൻഫോഴ്‌സ്‌മെന്‍റ് അഡ്‌മിനിസ്ട്രേഷൻ ) അധിക ഇൻപുട്ട് സൂചിപ്പിക്കുന്നത് ഈ ചരക്കുകളുടെ ഉറവിടം ദേശീയ തലസ്ഥാനത്താണെന്ന് എൻസിബി പ്രസ്‌താവനയിൽ പറഞ്ഞു. എൻസിബി പ്രകാരം രാജ്യാന്തര വിപണിയിൽ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോഗ്രാം സ്യൂഡോഫെഡ്രിൻ അടങ്ങിയ 45 സ്യൂഡോഫെഡ്രിൻ ചരക്കുകൾ കഴിഞ്ഞ 3 വർഷത്തിനിടെ അയച്ചതായി അറസ്‌റ്റിലായ മൂന്ന് പേരും പറഞ്ഞു.

അന്നുമുതൽ, ഈ സ്യൂഡോഫെഡ്രിനിന്‍റെ ഉറവിടം കണ്ടെത്തുന്നതിനായി എൻസിബി ജാഫർ സാദിഖിനെ തിരയുകയായിരുന്നു, അടുത്തിടെ ചെന്നൈയിലെ അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിലും റെയ്‌ഡ് നടത്തിയിരുന്നു. ഡിഎംകെ ഭരണത്തിന് കീഴിൽ സംസ്ഥാനം മയക്കുമരുന്നിന്‍റെ കോട്ടയായി മാറിയെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ആരോപിച്ചു. ജാഫർ സാദിഖ് എങ്ങനെയാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചതെന്ന് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ജനങ്ങളോട് വിശദീകരിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജാഫർ സാദിഖ് ഡിഎംകെ നേതൃത്വവുമായി അടുപ്പത്തിലാവുകയും ഒരു ഡിജിപിയിൽ നിന്ന് സമ്മാനം വാങ്ങുകയും ചെയ്‌തിരുന്നു. ഇത് വളരെ ദൗർഭാഗ്യകരവും വേദനാജനകവുമാണെന്നും എടപ്പാടി കെ പളനിസ്വാമി ചെന്നൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്യൂഡോഫെഡ്രിൻ വളരെ ആസക്തിയുള്ള സിന്തറ്റിക് മരുന്നാണ്. ഇതിന് ചില നിയമപരമായ ഉപയോഗങ്ങളുണ്ടെങ്കിലും, ഇന്ത്യയിൽ ഇത് ഒരു നിയന്ത്രിത പദാർത്ഥമാണ്. അതിന്‍റെ ഉത്പാദനം, കൈവശം, വ്യാപാരം, കയറ്റുമതി, ഉപയോഗം എന്നിവയിൽ കർശനമായ നിയന്ത്രണം ഇന്ത്യയിൽ കൊണ്ടുവന്നിട്ടുണ്ട്. സ്യൂഡോഫെഡ്രിൻ അനധികൃതമായി കൈവശം വയ്ക്കുന്നതും വ്യാപാരം നടത്തുന്നതും എൻഡിപിഎസ് നിയമപ്രകാരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ALSO READ : പോര്‍ബന്തറിലെ മയക്ക് മരുന്ന് വേട്ട; കണ്ടെത്തിയത് 2000 കോടി വിലമതിക്കുന്നതെന്ന് എന്‍സിബി

ABOUT THE AUTHOR

...view details