ബെംഗളൂരു:നഗരത്തില്‍ കുടിവെള്ളം പാഴാക്കിയതിന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സെവറേജ് ബോർഡ് (BWSSB) ഇത് വരെ പിഴ ഈടാക്കിയത് 20.25 ലക്ഷം രൂപ. ബെംഗളൂരു നഗരത്തില്‍ കുടിവെള്ള പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ്, കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കിയത്.
കുടിവെള്ളം വാഹനങ്ങൾ കഴുകാനോ പൂന്തോട്ടം നനയ്ക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കരുത് എന്നായിരുന്നു BWSSB ഉത്തരവ്. എന്നാൽ ഉത്തരവ് ലംഘിച്ച്, വാഹനം കഴുകുന്നത് ഉൾപ്പെടെയുള്ള പ്രവര്‍ത്തികളിലൂടെ കുടിവെള്ളം പാഴാക്കുന്നത് പിടികൂടിയാണ് പിഴ ചുമത്തിയത്.
ഇതുവരെ 20.25 ലക്ഷം രൂപ കണ്ടെടുത്തതായും ഇതിലൂടെ വെള്ളം പാഴാകുന്നത് തടഞ്ഞതായും ജല ബോർഡ് അധികൃതർ പറഞ്ഞു. 5000 രൂപ വീതമാണ് പിഴ ഈടാക്കിയതെന്നും അധികൃതർ പറഞ്ഞു. നഗരത്തിലെ ഉഗാദി ആഘോഷത്തിൽ കുടിവെള്ളം ഉപയോഗിച്ച് ബൈക്ക് കഴുകിയ ആൾക്ക് BWSSB അധികൃതർ 5000 രൂപ പിഴ ചുമത്തിയിരുന്നു.
നിരവധി പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സെവറേജ് നിയമം-1964-ന്‍റെ 33, 34 വകുപ്പുകൾ പ്രകാരം, വാഹനങ്ങൾ വൃത്തിയാക്കുന്നതിനും കെട്ടിടങ്ങളുടെ നിർമ്മാണത്തിനും വിനോദത്തിനും റോഡ് നിർമ്മാണത്തിനും ജലധാരകൾ പോലുള്ള ആകർഷകമായ ഉപയോഗങ്ങൾക്കും നഗരത്തിലെ കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് 5000 രൂപ പിഴ ചുമത്തും. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയിൽ പെട്ടാൽ വാട്ടർ സപ്ലൈ ആൻഡ് സെവറേജ് ബോർഡ് കോൾ സെന്‍റര്‍ നമ്പറായ 1916-ൽ വിളിച്ച് പരാതിപ്പെടണം എന്നായിരുന്നു ഉത്തരവ്.
Also Read :കുടിക്കാൻ വെള്ളമില്ലാതെ ബെംഗളൂരു, വാഹനം കഴുകുന്നതിനും പൂന്തോട്ട പരിപാലനത്തിനും വെള്ളം ഉപയോഗിച്ചാല്‍ പിഴ