ബെംഗളൂരു:അച്ഛന്‍റെ മൃതദേഹം കീറിമുറിച്ച് പഠനം നടത്തി മകന്‍ ചരിത്രം സൃഷ്‌ടിച്ചിട്ട് 14 വര്‍ഷം. 2010 നവംബർ 13 നായിരുന്നു ഈ അത്യപൂർവ സംഭവത്തിന് വൈദ്യശാസ്‌ത്ര ലോകം സാക്ഷ്യം വഹിച്ചത്. ഭക്ഷണം, വിദ്യാഭ്യാസം, അറിവ് എന്നിവയ്‌ക്കൊപ്പം ശരീരവും ദാനം ചെയ്യേണ്ടതിന്‍റെ പ്രധാന്യത്തെ കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കാന്‍ ഈ സംഭവത്തിനായി.
17ാം നൂറ്റാണ്ടിലാണ് വൈദ്യശാസ്‌ത്ര രംഗത്ത് ആദ്യമായി ശരീരം കീറിമുറിച്ച് പഠനം നടത്തുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്‌ത ഡോക്‌ടറായ ഡോ. വില്യം ഹാർവി സ്വന്തം സഹോദരിയുടെ ശരീരം കീറിമുറിച്ചാണ് ഈ പരീക്ഷണം നടത്തുന്നത്. മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണത്തെ കുറിച്ച് മനസിലാക്കാന്‍ ഇത് സഹായിച്ചു.
പിതാവിന്‍റെ ശരീരം കീറിമുറിച്ച് മകന്‍റെ പഠനം
ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് 300 വര്‍ഷങ്ങള്‍ക്ക് ശേഷം ഡോ. മഹാന്തേഷ് രാമണ്ണവര തന്‍റെ പിതാവിന്‍റെ ശരീരം കീറിമുറിച്ച് ലോകത്തെ അമ്പരിപ്പിച്ചത്. ബൈലഹോംഗല നഗരത്തിലെ പ്രശസ്‌ത ഡോക്‌ടറായിരുന്ന ഡോ. ബസവണ്ണെപ്പ സംഗപ്പ രാമണ്ണവര തൻ്റെ മരണശേഷം ശരീരം ദാനം ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ന്ന് 2008 നവംബർ 13ന് അദ്ദേഹത്തിന്‍റെ മരണ ശേഷം ശരീരം ദാനം ചെയ്‌തു.
ആദ്യം തൻ്റെ ശരീരം ഹുബ്ലി കിംസ് ആശുപത്രിക്ക് ദാനം ചെയ്യുമെന്നാണ് ബസവണ്ണെപ്പ സംഗപ്പ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്‍റെ മകൻ ജോലി ചെയ്‌തിരുന്ന കെഎൽഇബിഎം കങ്കണവാടി ആയുർവേദ മഹാവിദ്യാലയം സർവ്വകലാശാലയ്ക്ക് മൃതദേഹം ദാനം ചെയ്യുകയായിരുന്നു. ഡോ. മഹാന്തേഷ് തൻ്റെ മൃതദേഹം കീറിമുറിച്ച് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കണമെന്ന് അദ്ദേഹം പറയുകയും ചെയ്‌തു.