ന്യൂഡല്‍ഹി:ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയ മുഴുവന്‍ വോട്ടുകളുടെയും വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിചാരണ നടപടികള്‍ ആരംഭിച്ചു. ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.
നിലവില്‍ അഞ്ച് ഇവിഎമ്മുകളുടെ വിവിപാറ്റുകള്‍ എന്ന തോതിലാണ് പരിശോധന നടക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മനുഷ്യ ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത് ബാലറ്റിന്‍റെ രഹസ്യ സ്വഭാവത്തെ ബാധിക്കും. തങ്ങള്‍ അറുപതുകളിലെത്തിയവരാണ്. ബാലറ്റ് പേപ്പറില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാം. നിങ്ങള്‍ക്കുമറിയാം. അക്കാര്യം നമ്മള്‍ മറക്കാനും പാടില്ലെന്ന് എഡിആറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെ കോടതി ധരിപ്പിച്ചു.
മനുഷ്യ ഇടപെടലില്ലെങ്കില്‍ യന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കും. കൃത്യമാ ഫലവും അത് നല്‍കും. എന്നാല്‍ മനുഷ്യ ഇടപെടലുകള്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ബൂത്ത് പിടിത്തം പോലുള്ള പ്രശ്‌നങ്ങളാണ് കോടതി പരാമര്‍ശിക്കുന്നതെന്ന് ഭൂഷണ്‍ പറഞ്ഞു. ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് കോടതിക്കറിയാം. പ്രശ്‌നം കൂടുതല്‍ ബൃഹത്താണ്. ജര്‍മ്മനി ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയതായി ഭൂഷണ്‍ ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യവും ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ ഹാക്കിങിന് സാധ്യതയുള്ളതിനാലാണ് താന്‍ ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വിവിപാറ്റ് സ്ലിപ്പുകള്‍ വോട്ടര്‍മാരുടെ കയ്യില്‍ കൊടുക്കണം. പിന്നീട് അവര്‍ക്കത് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാനുള്ള അവസരവും നല്‍കണമെന്നും ഭൂഷണ്‍ ആവശ്യപ്പെട്ടു.
ഭൂഷണ്‍ ജര്‍മ്മനിയുടെ കാര്യം പരാമര്‍ശിച്ചതിനാല്‍ അവിടുത്തെ ജനസംഖ്യയെക്കുറിച്ച് ദീപാങ്കര്‍ ദത്ത ആരാഞ്ഞു. അവിടെ ആറ് കോടിയാണ് ജനസംഖ്യയെന്ന് ഭൂഷണ്‍ മറുപടി നല്‍കി. എന്നാല്‍ നമ്മുടെ രാജ്യത്ത് അന്‍പത് കോടി വോട്ടര്‍മാരുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.