കേരളം

kerala

മൂന്നാമൂഴത്തില്‍ നൂറ് ദിനം പിന്നിട്ട് നരേന്ദ്ര മോദി; നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവാദങ്ങള്‍ - Hundred Days Of Modi Govt

By ETV Bharat Kerala Team

Published : Sep 17, 2024, 1:00 AM IST

മൂന്നാമൂഴത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നൂറ് ദിനം പിന്നിടുകയാണ്. മൂന്നാം മോദി സര്‍ക്കാരിന്‍റെ നൂറ് ദിനങ്ങളിലെ പ്രധാന തീരുമാനങ്ങള്‍ നേട്ടങ്ങള്‍ വിവാദങ്ങള്‍, വെല്ലുവിളികള്‍ എന്തൊക്കെ. ഇടിവി ഭാരത് പരിശോധിക്കുന്നു.

Third Modi Govt completes 100 days  big decisions of Modi 3  major achievements of modi3  controversies of modi3
BJP LEADERS (IANS File)

2024 ജൂണ്‍ ഒന്‍പതിനാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ മൂന്നാം വട്ടം സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറിയത്. തൊട്ടടുത്ത ദിവസം തന്നെ അതത് മന്ത്രാലയങ്ങളുടെ ചുമതലയും മന്ത്രിമാര്‍ ഏറ്റെടുത്തു.2014ല്‍ ആദ്യമായി അധികാരത്തിലെത്തിയത് മുതല്‍ മുന്‍ സര്‍ക്കാരുകള്‍ നടന്ന വഴിയില്‍ നിന്ന് വേറിട്ട വഴികളിലൂടെയായിരുന്നു നരേന്ദ്ര മോദി കേന്ദ്ര സര്‍ക്കാരിനെ നയിച്ചത്. കേന്ദ്ര മന്ത്രിമാര്‍ക്കൊക്കെ കൃത്യമായ ചുമതലകളും ലക്ഷ്യങ്ങളും നിശ്ചയിച്ചു കൊണ്ടായിരുന്നു മോദിയുടെ മുന്നേറ്റം.

ഓരോ തവണയും മോദി സര്‍ക്കാരിന്‍റെ ആദ്യ നൂറ് ദിനങ്ങളിലെ പ്രധാന തീരുമാനങ്ങളും നേട്ടങ്ങളും വിവാദങ്ങളും ഈ ഘട്ടത്തില്‍ ഒന്ന് പരിശോധിക്കാം.

ഒന്നാമൂഴത്തിലെ നൂറ് ദിന നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവ

ബിജെപിയുടെ അച്‌ഛാ ദിന്‍ വാഗ്‌ദാനങ്ങളാണ് ആദ്യമോദി മന്ത്രിസഭയുടെ പ്രധാന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടാവുന്നത്. ജന്‍ധന്‍ യോജന, ഡിജിറ്റല്‍ ഇന്ത്യ, നൂറ് സ്‌മാര്‍ട്ട് സിറ്റി പദ്ധതികള്‍ എന്നിവയും ഒന്നാം മോദി സര്‍ക്കാരിന്‍റെ എടുത്ത് കാട്ടാവുന്ന നേട്ടങ്ങളാണ്.

രണ്ടാം വട്ടം നൂറ് ദിനങ്ങള്‍ തികച്ചപ്പോള്‍ മോദി സര്‍ക്കാരിന്‍റെ സുപ്രധാന നേട്ടങ്ങള്‍

ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതും മുത്തലാഖ് കുറ്റകരമാക്കിയും സുപ്രധാന നേട്ടങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു. അഴിമതിയോടും ഭീകരതയോടും സന്ധിയില്ലാ സമരം എന്ന നയത്തിന് ഉപോത്ബലകമായി നികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ പിരിച്ച് വിടലും യുഎപിഎ ശക്തമായി നടപ്പാക്കിയതും ചൂണ്ടിക്കാട്ടുന്നു.

മൂന്നാം മോദി സര്‍ക്കാരിന്‍റെ നൂറ് ദിവസത്തെ സുപ്രധാന തീരുമാനങ്ങള്‍

10/06/2024: പ്രധാന്‍ മന്ത്രി ആവാസ് യോജന വിപുലീകരിക്കല്‍:പദ്ധതിയുടെ ഭാഗമായി ഗ്രാമീണ-നഗരമേഖലകളില്‍ മൂന്ന് കോടി കുടുംബങ്ങള്‍ക്ക് കൂടി വീട് നിര്‍മ്മിക്കാന്‍ സഹായം. മന്ത്രിസഭ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

21/06/2024 പരീക്ഷാക്രമക്കേടുകള്‍ കണ്ടെത്താന്‍ നിയമം:നീറ്റ്, യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷക്രമക്കേടുകളും സംബന്ധിച്ച വിവാദങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ പൊതുപരീക്ഷ നിയമം 2024 കൊണ്ടുവന്നു. ജൂണ്‍ 21നായിരുന്നു നിയമം കൊണ്ടുവന്നത്. പരീക്ഷ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷകള്‍ നല്‍കുന്ന നിയമമാണിത്. ചോദ്യ പേപ്പര്‍ ചോര്‍ത്തുന്നവര്‍ക്ക് ഒരു കോടി രൂപ പിഴയും പത്ത് വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന നിയമമാണിത്.

01/07/2024 പുത്തന്‍ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വന്നു:ഭാരതീയ ന്യായ സംഹിതയ്‌ക്ക് 2023ന് ഡിസംബര്‍ 25ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഭാരതീയ നാഗരിക് സുരക്ഷ സംഹിത 2023, ഭാരതീയ സാക്ഷ്യ അധിനിയം 2023 തുടങ്ങിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ 2024 ജൂലൈ ഒന്നിന് നിലവില്‍ വന്നു. ഇതോടെ നേരത്തെയുണ്ടായിരുന്ന ക്രിമിനല്‍ നിയമങ്ങളായ ഇന്ത്യന്‍ പീനല്‍ കോഡ്(ഐപിസി), കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജീയര്‍(സിആര്‍പിസി) ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവ ഇല്ലാതായി.

23/07/2024 ഇന്ത്യയിലെ യുവാക്കള്‍ക്ക് നൈപുണ്യ പദ്ധതി പ്രഖ്യാപനം; പുതിയ പരിശീലന പദ്ധതികളുടെ പ്രഖ്യാപനം:അഞ്ച് വര്‍ഷം കൊണ്ട് ഒരു കോടി ഇന്ത്യന്‍ യുവാക്കള്‍ക്ക് 500 മുന്‍ നിര ഇന്ത്യന്‍ കമ്പനികളില്‍ പരിശീലനം നല്‍കുന്ന പദ്ധതി 2024ലെ കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 21നും 24നുമിടയില്‍ പ്രായമുള്ള മുഴുവന്‍ സമയ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കുമാണ് ഇത്തരത്തില്‍ പരിശീലനം നല്‍കുക. ഇതിനാവശ്യമായ പണം സര്‍ക്കാരിന്‍റെ സിഎസ്‌ആര്‍ ഫണ്ടില്‍ നിന്ന് നല്‍കും.

24/08/2024 പെന്‍ഷന്‍ പരിഷ്ക്കരണം നടപ്പാക്കല്‍: 21 കൊല്ലത്തിന് ശേഷം എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ സിവില്‍ സര്‍വീസ് പെന്‍ഷന്‍ സംവിധാനത്തില്‍ പരിഷ്ക്കരണം കൊണ്ടുവന്നു. 21 വര്‍ഷത്തിന് മുമ്പ് അടല്‍ ബിഹാരി വാജ്പേയി ആണ് പെന്‍ഷന്‍ പരിഷ്ക്കരണം നടപ്പാക്കിയത്. വാജ്പേയി കൊണ്ടു വന്ന ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവസാനം വാങ്ങിയ വേതനത്തിന്‍റെ അന്‍പത് ശതമാനം പെന്‍ഷനായി ജീവിത കാലം മുഴുവന്‍ പ്രതിമാസം ലഭ്യമാകും.

24/08/2024 ഇന്ത്യ പുത്തന്‍ ബയോ ഇ3 നയം നടപ്പാക്കി: ബയോഇ3 (സമ്പദ്ഘടന, പരിസ്ഥിതി, തൊഴില്‍ എന്നിവയ്ക്കായി ബയോടെക്‌നോളജി) നിര്‍ദ്ദേശത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കി. ബയോടെക്നോളജി വകുപ്പിന്‍റെ ജൈവ ഉത്പാദനം ശക്തമാക്കുന്ന നയം. ഗവേഷണത്തിനും വികസനത്തിനും നൂതനതയിലൂന്നിയ പിന്തുണ ബയോഇ3 നയത്തിന്‍റെ സവിശേഷതകളില്‍ പ്രധാനമാണ്. ബയോമാനുഫാക്‌ചറിങ്ങിലൂടെയും ബയോ എഐ ഹബ്ബുകളിലൂടെയും ബയോഫൗണ്ടറികളിലൂടെയും സാങ്കേതിക വികസനവും വാണിജ്യവത്ക്കരണവും വേഗത്തിലാകുന്നു. ഹരിത വളര്‍ച്ചയ്ക്കായി ബയോ ഇക്കോണമി മാതൃകകള്‍ക്ക് മുന്‍ഗണന നല്‍കി. ഇത്തരം നയങ്ങള്‍ ഇന്ത്യയിലെ നിപുണതയാര്‍ന്ന തൊഴില്‍ സേനയെ വിപുലപ്പെടുത്തും. തൊഴില്‍ സൃഷ്‌ടിക്കും ഇത് സഹായകമാകും.

24/082024: വിജ്ഞാന്‍ ധാരാ പദ്ധതി: ശാസ്‌ത്ര ഗവേഷണം കരുത്തറ്റതാക്കാന്‍ നടപടികളുമായി മോദി :ശാസ്‌ത്രസാങ്കേതിക വകുപ്പിന് കീഴില്‍ ഏകീകൃത കേന്ദ്രമേഖല പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. മൂന്ന് സുപ്രധാന പദ്ധതികള്‍ ഒരു കുടക്കീഴിലാക്കിക്കൊണ്ടുള്ള ആര്‍യു 476 പദ്ധതി നടപ്പാക്കി. 2021 മുതല്‍ 2025-26 വരെ പതിനഞ്ചാം ധനക്കമ്മfഷന്‍റെ സഹായത്തോടെ 10,579.84 കോടി രൂപയാണ് ഇതിനായി മാറ്റി വച്ചിട്ടുള്ളത്.

28/08/2024 കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ ശക്തമാക്കല്‍: കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുളള ഫണ്ട് വിപുലപ്പെടുത്തലിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇത്. കൂട്ടുകൃഷി സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കലടക്കമുള്ളവ ഇതിലൂടെ ലക്ഷ്യമിടുന്നു. എഫ്‌പിഒകള്‍ക്ക് വായ്‌പയടക്കമുള്ള സഹായം നല്‍കാനും പദ്ധതി ലക്ഷ്യമിടുന്നു. നാബ്‌സ്‌ കര്‍ഷന്‍ ട്രസ്റ്റി കമ്പനിയിലൂടെയാണ് ഇത് നടപ്പാക്കുക.

29/08/2024 ഇന്ത്യയുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുക: ഇന്ത്യയുടെ രണ്ടാമത് അരിഹന്ത് ക്ലാസ് മുങ്ങിക്കപ്പല്‍, ഐഎന്‍എസ് അരിഹന്ത് 2024 ഓഗസ്റ്റ് 29നാണ് കമ്മിഷന്‍ ചെയ്‌തത്. വിശാഖപട്ടണത്ത് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ സാന്നിധ്യത്തിലായിരുന്നു ഇത്.

30/08/2024: മഹാരാഷ്‌ട്രയിലെ വധ്വാനിലെ കൂറ്റന്‍ തുറമുഖം: മഹാരാഷ്‌ട്രയിലെ വധ്വാന്‍ തുറമുഖത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഇന്ത്യയിലെ ഏറ്റവും വലിയ ആഴക്കടല്‍ തുറമുഖങ്ങളില്‍ ഒന്നാകുമിത്. 76,220 കോടി രൂപയാണ് രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. ഇന്ത്യയുടെ സമുദ്രഗതാഗത അടിസ്ഥാനസൗകര്യത്തിന് വേഗം കൂട്ടാന്‍ ഇതിലൂടെ സാധിക്കും. കണ്ടെയ്‌നര്‍ ടെര്‍മിനലുകള്‍, വിവിധോദ്ദേശ്യ ബെര്‍ത്തുകള്‍, മെച്ചപ്പെട്ട ബന്ധങ്ങള്‍, വാണിജ്യം മെച്ചപ്പെടുത്തല്‍, വ്യവസായ വികസനം എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.

26/08/2024 ലഡാക്കില്‍ പുതിയ ജില്ലകള്‍:ഭരണം എല്ലാ മുക്കിലും മൂലയിലും ഫലപ്രദമായി നടപ്പാക്കാന്‍ അഞ്ച് ജില്ലകള്‍ കൂടി പ്രഖ്യാപിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. സാന്‍സ്‌കര്‍, ദ്രാസ്, ഷാം, ന്യുബ്ര, ചങ്താങ്, എന്നീ ജില്ലകളാണ് കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. ലഡാക്കിന് നേരത്തെ ലേ, കാര്‍ഗില്‍ എന്നീ രണ്ട് ജില്ലകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ സ്വയംഭരണ ഹില്‍ വികസന കൗണ്‍സിലുകളാണ് ഇവിടെ ജില്ല ഭരണകൂടത്തെ സഹായിക്കുന്നത്.

11/09/2024 മുതിര്‍ന്ന പൗരന്‍മാര്‍ക്കെല്ലാം സൗജന്യ ആരോഗ്യ പരിരക്ഷ:തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതിന്‍റെ ഭാഗമായി മോദി സര്‍ക്കാര്‍ 70 വയസ് കഴിഞ്ഞ എല്ലാ മുതിര്‍ന്ന പൗരന്‍മാര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തി. വരുമാന അടിസ്ഥാനത്തില്‍ അല്ലാതെ തന്നെ ആയുഷ്‌മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന(എബി പിഎംജെഎവൈ)യിലൂടെ ആറ് കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവുകള്‍ സൗജന്യമാക്കും. നിലവില്‍ ഈ സൗകര്യം പാവപ്പെട്ടവര്‍ക്ക് മാത്രമാണ് ലഭിച്ച് കൊണ്ടിരുന്നത്. എബിപിഎംജെഎവൈയ്ക്കായി സര്‍ക്കാര്‍ ആദ്യഘട്ടമെന്ന നിലയില്‍ 3,437 കോടി രൂപ അനുവദിച്ചെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

11/09/2024 പിഎം ഇ ഡ്രൈവ് സ്‌കീം: ഇന്ത്യയുടെ ഹരിതയാത്ര പദ്ധതിയാണിത്. വൈദ്യുത വാഹനങ്ങള്‍ക്കായി 10,900 കോടി രൂപ നീക്കി വച്ചു. വൈദ്യുത വാഹനങ്ങള്‍ വാങ്ങാനും വൈദ്യുത ആംബുലന്‍സുകള്‍ അവതരിപ്പിക്കാനും പഴയ ട്രക്കുകള്‍ക്ക് പകരം ഇട്രക്കുകള്‍ രംഗത്തിറക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കും മറ്റുമായാകും ഈ തുക വിനിയോഗിക്കുക. കാര്‍ബണ്‍ രഹിത യാത്രയ്ക്ക് ഇന്ത്യയുടെ നായകത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണിത്.

വിവാദങ്ങള്‍

മൂന്നാം മോദി സര്‍ക്കാരിന്‍റെ പിന്നോട്ട് പോക്കുകള്‍

06/08/2024 ദീര്‍ഘകാല മൂലധന നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കല്‍:

ദീര്‍ഘകാല മൂലധന നിക്ഷേപങ്ങള്‍ക്കുള്ള നികുതി പിന്‍വലിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ട് പോയി. ഇക്കാര്യം ബജറ്റ് പ്രഖ്യാപനമായാണ് മൂന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ചത്.

08/08/2024 വഖഫ് ബില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് അയച്ചു:

കേന്ദ്രമന്ത്രി കിരണ്‍ റിജിജു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ 2024 വിശാല പരിശോധനയ്ക്കായി സംയുക്ത പാര്‍ലമെന്‍ററി സമിതിക്ക് അയച്ചു. ഇന്ത്യാ സഖ്യ കക്ഷികളുടെ കടുത്ത എതിര്‍പ്പിനിടയിലാണ് നടപടി. സ്വത്തവകാശം, മതസ്വാതന്ത്ര്യം തുടങ്ങിയവ നിഷേധിക്കുന്നുവെന്ന് കാട്ടിയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിന് പുറമെ സംസ്ഥാന അവകാശങ്ങളില്‍ കടന്നു കയറുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു.

12/08/2024 സംപ്രേഷണ ബില്‍ പിന്‍വലിക്കല്‍: സംപ്രേഷണ സേവന(നിയന്ത്രണ)ബില്‍ 2024ന്‍റെ രണ്ടാം കരട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പിന്‍വലിച്ചു. ബില്ലിലെ ചില വകുപ്പുകളില്‍ വിദഗ്‌ധര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് നടപടി. എന്ത് തരം ചര്‍ച്ചകള്‍ നടത്തിയാണ് ഇത്തരം കരട് ബില്‍ തയാറാക്കിയതെന്ന ചോദ്യവും വിദഗ്ദ്ധര്‍ ഉയര്‍ത്തിയിരുന്നു.

18/08/2024 ലാറ്ററല്‍ എന്‍ട്രിയില്‍ തിരികെ പോക്ക്:45 തസ്‌തികകളിലേക്ക് ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ചില കേന്ദ്രമന്ത്രാലയങ്ങളില്‍ വിവിധ പദവികളിലേക്കാണ് ഇത്തരത്തില്‍ ലാറ്ററല്‍ എന്‍ട്രി വഴി നിയമനം നടത്താന്‍ തീരുമാനിച്ചത്. കരാര്‍ വ്യവസ്ഥയിലോ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലോ ആകും നിയമനം.

വിജ്ഞാപനം വന്‍ തോതില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷ മായാവതി തുടങ്ങി നിരവധി പേര്‍ സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് രംഗത്തെത്തി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്കക്കാര്‍ക്കും സംവരണം നഷ്‌ടപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ പ്രധാനമായും വിമര്‍ശനം ഉയര്‍ത്തിയത്.

ഇതോടെ ലാറ്ററല്‍ എന്‍ട്രിയില്‍ നിന്ന്പിന്‍മാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിന് ശേഷം ഓഗസ്റ്റ് 20ന് ഇത് പിന്‍വലിക്കപ്പെട്ടു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ക്കല്‍

മഹാരാഷ്‌ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയിലെ രാജ്കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ താന്‍ അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ വീണ് മാപ്പ് പറയുന്നുവെന്ന് 2024 ഓഗസ്റ്റ് മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പ്രതിമ തകര്‍ക്കലിന് ശേഷം രാജ്യത്തുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആയിരുന്നു പ്രധാനമന്ത്രിയുടെ മാപ്പ് പറച്ചില്‍.

വിദേശ ബന്ധം: ആക്‌ട് ഈസ്റ്റ് നയത്തിന് ഊന്നല്‍

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ നൂറ് ദിനങ്ങളില്‍ ആക്‌ട് ഈസ്റ്റ് നയത്തിനായിരുന്നു സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. രാഷ്‌ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവര്‍ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആസിയാന്‍ രാജ്യങ്ങളുമായി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടായിരുന്നു സന്ദര്‍ശനം.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഫിജി, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പുറമെ തിമോര്‍ ലെസ്‌തയിലേക്കും സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്നാം, മലേഷ്യന്‍ പ്രധാനമന്ത്രിക്ക് ന്യൂഡല്‍ഹിയില്‍ ആതിഥ്യമരുളി. പിന്നീട് അദ്ദേഹം ബ്രൂണെ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് സന്ദര്‍ശനം നടത്തിയും ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കി. വിദേശരായ് മന്ത്രി എസ് ജയശങ്കര്‍ മ്യാന്‍മര്‍, തായ്‌ലന്‍ഡ്, വിയറ്റ്നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരെ ഡല്‍ഹിയില്‍ സ്വീകരിച്ചു. ലാവോസ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും അദ്ദേഹം മന്ത്രിതല സന്ദര്‍ശനം നടത്തി.

മോദിയുടെ വിജയകരമായ സിംഗപ്പൂര്‍ യാത്ര: പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരില്‍ കാലുകുത്തിയതിന് തൊട്ടുപിന്നാലെ സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി ക്യാപിറ്റ ലാന്‍ഡ് ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചു. 90,280 കോടിയിലേറെ നിക്ഷേപ പ്രഖ്യാപനമാണ് അവര്‍ നടത്തിയത്. പിന്നീട് ഇരുരാജ്യങ്ങളും സെമികണ്ടക്‌ടര്‍ രംഗത്തെ സഹകരണത്തിനായി ഒരു ധാരണാപത്രത്തില്‍ ഒപ്പ് വച്ചു. സെമി കണ്ടക്‌ടര്‍ വിതരണ രംഗത്തെ വിഷയങ്ങളില്‍ ഇരുസര്‍ക്കാരുകളും കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ആസിയാനില്‍ ഇന്ത്യയ്ക്ക് ശക്തമായ പിന്തുണ നല്‍കുന്ന രാജ്യമാണ് സിംഗപ്പൂര്‍. ചൈനയുടെയും അവരുടെ ഒപ്പമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് സിംഗപ്പൂര്‍ നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല.

മോദിയുടെ ചരിത്രപരമായ യുക്രെയ്‌ന്‍ സന്ദര്‍ശനം: റഷ്യന്‍-യുക്രെയ്‌ന്‍ നേതാക്കളുമായി പ്രധാനമന്ത്രി മോസ്‌കോയിലും കീവിലുമായി കൂടിക്കാഴ്‌ച നടത്തി.

വെല്ലുവിളികള്‍

ജമ്മു പുത്തന്‍ ഭീകര ഭീഷണിയായി മാറിയിരിക്കുന്നു. ജമ്മുവില്‍ പുത്തന്‍ സുരക്ഷ ഭീഷണികള്‍ തലപൊക്കി തുടങ്ങിയിരിക്കുന്നു. പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരര്‍ അവരുടെ തന്ത്രങ്ങളില്‍ മാറ്റിയതും സുരക്ഷ സേനകള്‍ക്ക് നേരെ നിരവധി ആക്രമണങ്ങള്‍ അഴിച്ച് വിട്ടതും പുത്തന്‍ തലവേദനയായിരിക്കുന്നു. ഈ ആക്രമണങ്ങളില്‍ രാജ്യത്തെ നിരവധി യുവ സൈനികരെയും ഉദ്യോഗസ്ഥരെയും നമുക്ക് നഷ്‌ടമായി. ജമ്മുവിലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ജമ്മു കശ്‌മീരില്‍ വെടിയുണ്ടകള്‍ക്ക് മേല്‍ ബാലറ്റ് വിജയിക്കുമെന്നുറപ്പാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സുരക്ഷാ സേനകളും.

Also Read:അധികാരമേറ്റ് മോദി; കര്‍ഷക ക്ഷേമപദ്ധതിയില്‍ ഒപ്പിട്ട് തുടക്കം

ABOUT THE AUTHOR

...view details