ന്യൂഡൽഹി: സർക്കാർ വിന്യസിച്ചിരിക്കുന്ന സാങ്കേതിക സംവിധാനം പ്രതിദിനം 1.35 കോടി വ്യാജ തട്ടിപ്പ് കോളുകൾ തടയുന്നുണ്ടെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിലൂടെ ജനങ്ങളുടെ 2,500 കോടി രൂപയുടെ ആസ്‌തികൾ ഇതുവരെ സംരക്ഷിക്കാനായിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ഭൂരിഭാഗം സ്‌പാം കോളുകളും രാജ്യത്തിന് പുറത്തുള്ള സെർവറുകളിൽ നിന്നാണ് വരുന്നത്.
ഇത്തരം വ്യാജ കോളുകളിൽ ഭൂരിഭാഗവും തടയാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നുണ്ട്. വ്യാജ കോളുകളും സൈബർ തട്ടിപ്പും തടയുന്നതിനായി 2024 മാർച്ച് 4 ന് സഞ്ചാർ സതി പദ്ധതിക്ക് കീഴിൽ സ്ഥാപിച്ച ചക്ഷു പോർട്ടൽ വഴിയാണ് കോളുകള്‍ തടയുന്നത്. ഇതിലൂടെ 2.9 ലക്ഷത്തോളം ഫോണുകളുടെ കണക്ഷൻ വിച്ഛേദിക്കുകയും സന്ദേശങ്ങൾ അയയ്‌ക്കാൻ ഉപയോഗിച്ചിരുന്ന 1.8 ദശലക്ഷത്തോളം ഹെഡറുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്‌തിട്ടുണ്ടെന്നും ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.
നിയമ നിർവ്വഹണ ഏജൻസികളെയും ബാങ്കുകളെയും സംയോജിപ്പിക്കുന്ന പുതിയ ഒരു സോഫ്‌റ്റ്‌വെയറും സർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ബിഎസ്എൻഎൽ 4 ജി ക്കായി ഒരു ലക്ഷം ബേസ് സ്‌റ്റേഷനുകൾ സജ്ജമാക്കാനുള്ള പദ്ധതി നടന്നു വരികയാണെന്നും അതിൽ 50,000 ടവറുകൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.