ഹൈദരാബാദ്: ചൈനീസ് വിപണിയിൽ ഈ നവംബറിൽ നിരവധി ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഡിസംബറിൽ ഈ ഫോണുകൾ ഇന്ത്യൻ വിപണികളിൽ പുറത്തിറക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ചില ഫോണുകളുടെ ഫീച്ചറുകളും ലോഞ്ചിങ് തീയതിയും വെളിപ്പെടുത്തിയെങ്കിലും, ചിലതിന്‍റെ വിശദാംശങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യൻ വിപണിയെ കാത്തിരിക്കുന്ന സ്‌മാർട്ട്‌ഫോണുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
iQOO 13 :ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന iQOO 13 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. പുതിയ സ്‌മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡിസംബർ മൂന്നിന് ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് വിവരം. ചൈനീസ് വേരിയൻ്റിലെ അതേ ഫീച്ചറുകളോടെ iQOO 13 ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫോണിന് 16GB റാമും 120W ചാർജിങ് പിന്തുണയ്ക്കുന്ന 6,000 mAh ബാറ്ററിയും ലഭിക്കും. കൂടാതെ 6.82 ഇഞ്ച് AMOLED ഡിസ്‌പ്ലേയും ലഭിക്കും. 32എംപി സെൽഫി ക്യാമറയും ഉണ്ടാകും.
റെഡ്‌മി നോട്ട് 14 സീരീസ്:റെഡ്‌മി നോട്ട് 14 സീരീസ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. റെഡ്‌മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കുക. ഈ സീരീസിലെ എല്ലാ ഫോണുകളും ഡിസംബർ 9 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ എഐ ഫീച്ചറുകളും ക്യാമറ ഫീച്ചറുകളും ഫോണിലുണ്ടാകുമെന്ന് ഷവോമി നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറിലാണ് നോട്ട് 14 സീരീസ് ചൈനയിൽ ലോഞ്ച് ചെയ്‌തത്. അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യൻ വേരിയന്‍റുകൾ ചൈനയുടേതിന് സാമ്യമുള്ളതായാണ് റിപ്പോർട്ടുകൾ.