ഹൈദരാബാദ്:പുതുക്കിയ ഡിസൈനുമായി ടിവിഎസിന്‍റെ പുതിയ ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു. ടിവിഎസ് അപ്പാച്ചെയുടെ പുതുക്കിയ മോഡലായ ടിവിഎസ് അപ്പാച്ചെ RR310 2024 ആണ് പുറത്തിറക്കിയത്. പുതിയ മോഡലിന്‍റെ പ്രാരംഭവില 2.75 ലക്ഷം രൂപയാണ്. ബൈക്കിന്‍റെ സവിശേഷതകൾ പരിശോധിക്കാം.
ഏറെക്കുറെ മുൻ മോഡലിന് സമാനമാണ് ബൈക്കിന്‍റെ രൂപകൽപനയെങ്കിലും, കൂടുതൽ കരുത്തോടെയാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്. മുമ്പത്തെക്കാളും കരുത്തുറ്റ പുതുക്കിയ എഞ്ചിനും ക്വിക്ക് ഷിഫ്‌റ്ററുമായാണ് ടിവിഎസ് അപ്പാച്ചെ RR310 വന്നിരിക്കുന്നത്. പുതിയ മോഡലിന് 38 എച്ച്പി പവറും 29 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്‌പാദിപ്പിക്കാനാവും. മുൻ മോഡലിലെ എഞ്ചിന് 34 എച്ച്പി പവർ മാത്രമേ ഉത്‌പാദിപ്പിക്കാനാകൂ.
അപ്പാച്ചെ RR310 പുതിയ മോഡലിന് മുമ്പത്തേക്കാൾ വലിയ പിസ്റ്റൺും വലിയ എയർബോക്‌സും ഉണ്ട്. ക്വിക്ക് ഷിഫ്‌റ്റർ ചേർക്കുമ്പോൾ വില 2.92 ലക്ഷം ആയിരിക്കും. ബോംബർ ഗ്രേ പെയിന്‍റിലുള്ള മോഡലിന് 2.97 ലക്ഷം രൂപ വില വരും. എല്ലാ ടിവിഎസ് പ്രീമിയം ഡീലർഷിപ്പുകളിലും പുതിയ മോഡലിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
ഫീച്ചറുകൾ:
- എഞ്ചിൻ: 312 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ, 38 എച്ച്പി പവറും 29 ന്യൂട്ടൺ മീറ്റർ ടോർക്കും
- ഗിയർബോക്‌സ്: ബൈ ഡയറക്ഷണൽ ക്വിക്ക് ഷിഫ്‌റ്ററുള്ള 6 സ്‌പീഡ് ഗിയർബോക്‌സ്
- സസ്‌പെൻഷൻ: മുൻവശത്ത് അപ്‌സൈഡ് ഡൗൺ ഫോർക്കുകൾ, പിൻവശത്ത് മോണോഷോക്ക്
- മുൻവശത്ത് ഓൾ എൽഇഡി ലൈറ്റിങ്
- ടിഎഫ്‌ടി ഡിസ്‌പ്ലേ
- ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി