ഹൈദരാബാദ്: പ്രീമിയം സ്‌മാർട്ട്‌ഫോൺ വിഭാഗത്തിൽ ഓപ്പോ ഇന്ത്യ തങ്ങളുടെ ഫൈൻഡ് എക്‌സ് 8 സീരീസ് സ്‌മാർട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഓപ്പോ ഫൈൻഡ് എക്‌സ് 8, ഓപ്പോ ഫൈൻഡ് എക്‌സ് 8 പ്രോ എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. മീഡിയാടെക്കിന്‍റെ ഏറ്റവും കരുത്തുറ്റ ഡയമെൻസിറ്റി 9400 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോൺ കൂടിയാണിത്.
രണ്ട് മോഡലുകളിലും 50 മെഗാപിക്‌സലിന്‍റെ ഹാസൽബ്ലാഡ് ട്യൂൺ ചെയ്‌ത നാല് ക്യാമറകളും ഉപയോഗിച്ചിട്ടുണ്ട്. സ്‌പേസ് ബ്ലാക്ക്, സ്റ്റാർ ഗ്രേ എന്നീ നിറങ്ങളിൽ എക്‌സ് 8 മോഡൽ ലഭ്യമാണ്. സ്‌പേസ് ബ്ലാക്ക്, പേൾ വൈറ്റ് നിറങ്ങളിൽ ഓപ്പോ ഫൈൻഡ് എക്‌സ് 8 പ്രോയും ലഭ്യമാണ്. ഡിസംബർ മൂന്ന് മുതൽ ഓപ്പോ ഫൈൻഡ് എക്‌സ് 8, എക്‌സ് 8 പ്രോ മോഡലുകളുടെ വിൽപ്പന ആരംഭിക്കും. ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റുകൾ വഴിയും ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഇപ്പോൾ പ്രീ-ബുക്കിങ് ചെയ്യാൻ സാധിക്കും.
ഓപ്പോ ഫൈൻഡ് എക്‌സ് 8 സീരീസ് ഫോണുകളുടെ വിലയെ കുറിച്ച് പറയുകയാണെങ്കിൽ, എക്‌സ് 8 മോഡലിന്‍റെ 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 69,999 രൂപയും, 16 ജിബി+ 512 ജിബി വേരിയന്‍റിന് 79,999 രൂപയും ആണ് വില. എക്‌സ് 8 പ്രോ മോഡലൽ കമ്പനി ഒരു സ്റ്റോറേജ് ഓപ്ഷനിൽ മാത്രമാണ് അവതരിപ്പിച്ചത്. 16 ജിബി+512 ജിബി സ്റ്റോറേജുള്ള മോഡലിന് 99,999 രൂപയാണ് വില.
രണ്ട് മോഡലുകളും ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. എക്‌സ് 8 മോഡലിൽ 6.59 ഇഞ്ച് LTPO AMOLED സ്‌ക്രീൻ ലഭ്യമാകും. 120 Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ആണ് നൽകുന്നത്. പ്രോ മോഡലിൽ 6.78 ഇഞ്ച് LTPO AMOLED സ്‌ക്രീൻ ലഭ്യമാകും. എക്‌സ് 8 മോഡലിന് സമാനമായി പ്രോ മോഡലിൽ 120 Hz റിഫ്രഷ് റേറ്റും 4,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ആണ് നൽകുന്നത്.
മീഡിയാടെക് ഒക്‌ട കോർ 9400 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ആദ്യ സ്‌മാർട്ട്‌ഫോൺ ആണ് ഫൈൻഡ് എക്‌സ് 8 സീരീസ്. രണ്ട് മോഡലുകളിലും ഡുവൽ സിം കണക്‌റ്റിവിറ്റി ലഭ്യമാകും. ക്യാമറ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, സോണി LYT-700 സെൻസറുള്ള 50 എംപിയുടെ പ്രൈമറി ക്യാമറയും, 50 എംപിയുടെ 120 ഡിഗ്രി അൾട്രാ വൈഡ് ക്യാമറയും 50 എംപിയുടെ 3x സൂമുള്ള പെരിസ്‌ക്കോപ്പ് ടെലിഫോട്ടോ ക്യാമറയും ആണ് നൽകിയിരിക്കുന്നത്. 120x വരെ ഡിജിറ്റൽ സൂമും ഹാസൽബ്ലാഡ് പോർട്രെയ്‌റ്റും ആണ് മറ്റൊരു ക്യാമറ ഫീച്ചർ.
5,630mAh കപ്പാസിറ്റിയുള്ള സിലിക്കൺ കാർബൺ ബാറ്ററിയാണ് ഇരു മോഡലിലും നൽകിയിരിക്കുന്നത്. 10W റിവേഴ്‌സ് വയർലെസ് ചാർജിങും പിന്തുണയ്ക്കും. പൊടിയെയും വെള്ളത്തേയും പ്രതിരോധിക്കുന്നതിന് IP68/IP69 റേറ്റിങും ഉണ്ട്.
Also Read: പ്രീമിയം ലുക്കിൽ ഷവോമിയുടെ പുതിയ 5ജി ബജറ്റ് സ്‌മാർട്ട്‌ഫോൺ: വില പതിനായിരത്തിൽ താഴെ