ഹൈദരാബാദ്:ചുരുങ്ങിയ കാലത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ കമ്പനിയാണ് ഒല. തങ്ങളുടെ എസ്1 ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ മൂന്നാം തലമുറ മോഡൽ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. പുത്തൻ അപ്‌ഡേറ്റുകളുമായാണ് ഒല തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ ശക്തവും കാര്യക്ഷമവുമായ ഫീച്ചറുകളോടെയാണ് പുതുക്കിയ മോഡൽ വരുന്നത്.
പുതിയ വേരിയന്‍റുകൾ:ഒല എസ് 1 സീരിസിന്‍റെ രണ്ടാം തലമുറയിൽ എസ് 1 എക്‌സ്, എസ് 1 പ്രോ എന്നീ വേരിയന്‍റുകളാണ് അവതരിപ്പിച്ചത്. എന്നാൽ മൂന്നാം തലമുറയിൽ ഇവയ്‌ക്ക് പുറമെ എസ് 1 എക്‌സ് പ്ലസ്, എസ് 1 പ്രോ പ്ലസ് എന്നീ വകഭേദങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഇതോടെ ഒല എസ് 1 മൂന്നാം തലമുറയിൽ നാല് വേരിയന്‍റുകളുണ്ടാകും. വാഹനത്തിന്‍റെ ബുക്കിങ് ആരംഭിച്ചെങ്കിലും ഫെബ്രുവരിയോടെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പുതുക്കിയ വാഹനത്തിന്‍റെ ഫീച്ചറുകളും വിലയും പരിശോധിക്കാം.
ഡിസൈൻ:ഡിസൈനിലേക്ക് പോകുമ്പോൾ, രണ്ടാം തലമുറ മോഡലിന് സമാനമാണ് പുതുക്കിയ മോഡലും. എന്നാൽ വാഹനത്തിന്‍റെ ആന്തരിക ഘടനയിൽ മാറ്റം വരുത്താനും രണ്ട് പുതിയ വേരിയന്‍റുകൾ കൂടെ ചേർക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ പെർഫോമൻസ്, വിശ്വാസ്യത, സുരക്ഷാ ഫീച്ചറുകൾ എന്നിവയുടെ കാര്യത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
പുതുക്കിയ മോഡലിൽ ഒല പുതിയ എംസിയു മോട്ടോറാണ് നൽകിയിരിക്കുന്നത്. അതായത് വാഹനത്തിന്‍റെ വേഗതയും ടോർക്കും നിയന്ത്രിക്കുന്ന പുതിയ ഇലക്‌ട്രിക് മൊഡ്യൂളാണ് നൽകിയിട്ടുണ്ട്. ഇത് പഴയ മോട്ടോറിനേക്കാൾ കൂടുതൽ കാര്യക്ഷമവും 5 മടങ്ങ് വിശ്വാസ്യതയുള്ളതുമാണ്. കൂടാതെ പുതുക്കിയ മോഡലിൽ ബെൽറ്റ് ഡ്രൈവ് സിസ്റ്റത്തിന് പകരം ചെയിൻ ഡ്രൈവ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇത് കൂടുതൽ കാര്യക്ഷമവും ഒപ്പം ഈടുനിൽക്കുന്നതുമാണ്.
ഡ്യുവൽ ചാനൽ എബിഎസുമായാണ് പുതുക്കിയ മോഡൽ വരുന്നത്. ഡ്യുവൽ ചാനൽ എബിഎസുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇലക്‌ട്രിക് സ്‌കൂട്ടറാണിത്. എസ് 1 സ്‌കൂട്ടറിന്‍റെ പുതുക്കിയ മോഡലിൽ പവറും റേഞ്ചും വർധിപ്പിച്ചിട്ടുണ്ട്. ഈ ലൈനപ്പിലെ ടോപ്-സ്‌പെക് വേരിയന്‍റായ എസ് 1 പ്രോ പ്ലസിൽ 13 കിലോവാട്ട് മോട്ടോറാണ് നൽകിയിരിക്കുന്നത്. കൂടുതൽ സുഖകരമായ സീറ്റ്, എസ്‌ഒഎസ് അലർട്ട്, സ്‌മാട്ട്‌വാച്ച് കണക്‌റ്റിവിറ്റി എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ടോപ്-സ്‌പെക് വേരിയന്‍റിലുണ്ട്.