ഹൈദരാബാദ്: തദ്ദേശീയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ മാരുതി ബലേനോയുടെ റീഗൽ എഡിഷൻ പുറത്തിറക്കി. ഉത്സവ സീസൺ കണക്കിലെടുത്താണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആൽഫ, സീറ്റ, ഡെൽറ്റ, സിഗ്മ എന്നീ വകഭേദങ്ങളിൽ ബലേനോയുടെ റീഗൽ എഡിഷൻ ലഭ്യമാണ്. പുതിയ റീഗൽ എഡിഷൻ വാങ്ങുന്നവർക്ക് കോംപ്ലിമെന്‍ററി ആക്‌സസറി കിറ്റും ലഭ്യമാകും.
മാനുവൽ, ഓട്ടോമാറ്റിക്, സിഎൻജി തുടങ്ങി എല്ലാ വേരിയന്‍റുകളിലും ബലേനോയുടെ റീഗൽ എഡിഷൻ ലഭ്യമാണ്. ആകകഷകമായ രീതിയിൽ ഇന്‍റീരിയറിലും എക്‌സ്റ്റീരിയറിലും മാറ്റങ്ങൾ വരുത്തിയാണ് പുതിയ ബലേനോ റീഗൽ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ മാരുതി ബലേനോ എന്നും മുന്നിലാണെന്ന് മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫിസർ പാർത്ഥോ ബാനർജി പറഞ്ഞു.
ഇന്‍റീരിയറിലും എക്‌സ്റ്റീരിയറിലും വരുത്തിയിരിക്കുന്ന മാറ്റങ്ങൾ:
എക്‌സ്റ്റീരിയർ ഡിസൈനിൽ പുതിയ ഗ്രിൽ അപ്പർ ഗാർണിഷ്, ഫ്രണ്ട് അണ്ടർബോഡി സ്‌പോയിലർ, ഫോഗ് ലാമ്പ് ഗാർണിഷ്, ബോഡി സൈഡ് മോൾഡിങ്, ഡോർ വിസർ തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. മുൻവശത്തെ അണ്ടർബോഡി സ്‌പോയിലറിനും ബാക്ക് ഡോർ ഗാർണിഷിനും സമാനമായ ആകർഷകമായ ലുക്ക് നൽകിയിട്ടുണ്ട്. ഇന്‍റീരിയർ ഡിസൈനിനെ കുറിച്ച് പറയുകയാണെങ്കിൽ, പുതിയ സീറ്റ് കവറുകൾ, സ്റ്റൈലിങ് കിറ്റ്, വിൻഡോ കർട്ടനുകൾ, ഓൾ-വെതർ 3D മാറ്റുകൾ എന്നിവ നൽകിയിട്ടുണ്ട്.