ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഹോണ്ട. എലിവേറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി പ്രാദേശികമായി നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ എസ്‌യുവിയുടെ ബ്രാൻഡ് നാമം വ്യത്യസ്‌തമായിരിക്കുമെങ്കിലും, എലിവേറ്റിൻ്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രാദേശികമായി നിർമ്മിക്കുന്ന കാർ ആഗോള ലോഞ്ചിന് മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നതാണ് പ്രത്യേകത. എലിവേറ്റിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന പുതിയ എസ്‌യുവി 2026 നും 2027 നും ഇടയിലായി ലോഞ്ച് ചെയ്യുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. മാരുതി ഇ-വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ ഇവി, കിയ കാരൻസ് ഇവി, ടാറ്റ നെക്‌സോൺ ഇവി, MG ZS EV, ടാറ്റ കർവ് ഇവി, മഹീന്ദ്ര BE 6, ടൊയോട്ട അർബൻ എസ്‌യുവിയുടെ പ്രൊഡക്ഷൻ റെഡി പതിപ്പ് തുടങ്ങിയ കാറുകളുമായി ആയിരിക്കും വരാനിരിക്കുന്ന ഇവിയുമായി മത്സരിക്കുക.
നിർമ്മിക്കാനിരിക്കുന്ന പുതിയ മോഡലിന് ഹോണ്ട 20 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെ വില നിർണയിക്കാനാണ് സാധ്യത. ഹോണ്ട എലിവേറ്റിനേക്കാൾ മികച്ച ഫീച്ചറുകളോടെയായിരിക്കും എലിവേറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഇലക്‌ട്രിക് എസ്‌യുവി വരുന്നത്.