എറണാകുളം: സോഷ്യൽ മീഡിയയിലൂടെ വാച്ച് വിശേഷങ്ങൾ പറഞ്ഞു പ്രേക്ഷക പ്രീതി ആർജ്ജിച്ച ഇൻഫ്ലുവൻസറാണ് എഫിൻ. താരങ്ങളുടെയും ബിസിനസുകാരുടെയും കയ്യിലുള്ള വാച്ച് കൃത്യമായി മനസിലാക്കി ആ വാച്ചിന്‍റെ വിശേഷങ്ങൾ എബിൻ പ്രേക്ഷകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കും.
ക്രിസ്ത്യാനോ റൊണാൾഡോയുടെയും ഷാരൂഖാന്‍റെയും ധോണിയുടെയും മോഹൻലാലിന്‍റെയും എം എ യൂസഫലിയുടെയും ഒക്കെ വാച്ചുകളുടെ വിശേഷങ്ങൾ പ്രേക്ഷകർ അത്ഭുതത്തോടുകൂടിയാണ് കണ്ടു മനസിലാക്കിയത്. ചെറുപ്പകാലം മുതൽക്കുതന്നെ വാച്ചുകളോട് അഭിനിവേശം ഉണ്ടായിരുന്നതുകൊണ്ടാണ് എഫിന്‍റെ ഈ ശ്രമം. ഏതൊരു വാച്ച് കണ്ടാലും അത് വളരെ പെട്ടെന്ന് തന്നെ മനസിലാക്കാനും അതിന്‍റെ വിലവിവരം അടക്കമുള്ള കാര്യങ്ങൾ കണ്ടുപിടിക്കാനും ഒരു പ്രത്യേക വൈദഗ്ത്യം ഉണ്ടായിരുന്നു.
സ്വയം മനസിലാക്കിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പകർന്നപ്പോൾ ആരാധകർ ഏറെയായി. ഇത്രയധികം വാച്ച് വിശേഷങ്ങൾ ആരാധകർക്ക് സമ്മാനിക്കുന്ന വാച്ചുകളെ ഏറെ സ്നേഹിക്കുന്ന എഫിന്‍റെ പക്കൽ എത്ര വാച്ചുകളുടെ കളക്ഷൻ ഉണ്ടാകുമെന്ന് അറിയാൻ ആഗ്രഹമുണ്ടായി. ആഡംബര വാച്ചുകളുടെ ഒരു വലിയ ശേഖരം പ്രതീക്ഷിച്ചു ചെന്ന ഈ ടിവി ഭാരത് സംഘത്തിന് ഒരുപക്ഷേ തികച്ചും കൗതുകകരമായ വസ്‌തുതയാണ് കണ്ടു മനസിലാക്കാൻ സാധിച്ചത്.
ക്രോണോ ഗ്രാഫ് ബൈ എഫിൻ എന്നാൽ ഇൻസ്റ്റാഗ്രാം യൂട്യൂബ് പ്രൊഫൈലുകൾ ചലച്ചിത്ര താരങ്ങൾ അടക്കം ശ്രദ്ധിക്കുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഒന്നാണ്. കോടികളുടെ വാച്ച് വിശേഷം കൗതുകത്തോടെ പകരുന്ന എഫിന് ഭ്രമം സാധാരണ വാച്ചുകളോട് ആയിരുന്നു. സ്‌മാർട്ട് വാച്ചുകളോട് പൊതുവേ വലിയ താല്‍പര്യമില്ല. തന്‍റെ കയ്യിലുള്ള കളക്ഷൻസ് എഫിൻ തുറന്നുകാട്ടി.
ലക്ഷങ്ങളും കോടുകളും വരുന്ന വാച്ചുകൾ സ്വന്തമാക്കണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ അത്രയും സാമ്പത്തിക ഭദ്രത നമുക്കില്ലല്ലോ. എന്ന് പറഞ്ഞുകൊണ്ടാണ് എഫിന്‍ ആരംഭിച്ചത്. ആദ്യം തന്നെ പരിചയപ്പെടുത്തിയത് എച്ച്എംടിയുടെ കോഹിനൂർ എന്ന വാച്ചാണ്. കയ്യിലുള്ളതിൽ അധികവും എച്ച്എംടി വാച്ചുകൾ തന്നെ. പലതും എച്ച്എംടിയുടെ എക്‌സ്‌ക്ല്യൂസീവ് ഷോറൂമുകളിൽ മാത്രമാണ് ലഭിക്കുക. എല്ലാ വാച്ചുകളും ഇപ്പോൾ വിപണിയിൽ ലഭ്യമല്ല. കയ്യിലുള്ള എല്ലാ വാച്ചുകൾക്കും 25 വർഷത്തിലേറെ പഴക്കമുണ്ട്.
40 മണിക്കൂർ പവർ റിസർവുള്ള മെക്കാനിക്കൽ വാച്ച് സീരീസിൽ ഉൾപ്പെടുന്നതാണ് കോഹിനൂർ. ഒരുകാലത്ത് സ്ത്രീകളുടെ ഇഷ്‌ടവാച്ചായിരുന്ന ആശ, കയ്യിലുള്ള മികച്ച കളക്ഷനുകളിൽ ഒന്നാണ്. ഇക്കാലത്ത് ഈയൊരു വാച്ച് സ്വന്തമാക്കുക എന്നുള്ളത് അസംഭവ്യമായ കാര്യം തന്നെ. എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ യെല്ലോ ഗോൾഡ് പ്ലേറ്റിംഗ് ഉള്ള ഏക വാച്ചും ആശയായിരുന്നു. തുടർന്ന് കാർത്തിക എന്ന എച്ച്എംടിയുടെ സീരീസ് അദ്ദേഹം കാണിച്ചു. വാച്ചിന് 30 ലേറെ വർഷത്തെ പഴക്കമുണ്ട്. എങ്കിലും ഇപ്പോഴും സമയം കൃത്യമായി കാണിക്കും.
ജനപ്രിയ വാച്ചുകളുടെ നിർമ്മാണത്തിന് എച്ച്എംടിക്ക് വേണ്ടി ചുക്കാൻ പിടിച്ചത് നമ്മുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവായിരുന്നു എന്നതും കൗതുകകരമായ വസ്‌തുതയെന്ന് എഫിൻ പറഞ്ഞു. 15 വർഷം പഴക്കമുള്ള കാഷ്യയുടെ സോളാർ പവർ വാച്ചും അദ്ദേഹത്തിന്‍റെ കളക്ഷനിൽ ഉണ്ട്. ഒരുകാലത്ത് സാധാരണക്കാരന്‍റെ സ്വപ്‌നമായിരുന്നു ഈ വാച്ച്. മെസി, മോഹൻലാൽ, എം എ യൂസഫലി തുടങ്ങിയവർ ഉപയോഗിക്കുന്ന കസ്റ്റമൈസ്‌ഡ് വാച്ചുകളെക്കുറിച്ചും അദ്ദേഹം വാചാലനായി.