ഹൈദരാബാദ്: തങ്ങളുടെ എല്ലാ മോഡൽ ബൈക്കുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി പ്രീമിയം ബൈക്ക് നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ. അടുത്ത വർഷം ജനുവരി 1 മുതൽ എല്ലാ ബൈക്കുകളുടെയും വില വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 2.5 ശതമാനം വരെ വില വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്.
ബൈക്ക് നിർമാണം ചെലവേറുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ തീരുമാനം. ബിഎംഡബ്ല്യു ഇന്ത്യ പോർട്ട്‌ഫോളിയോയുടെ എല്ലാ മോഡലുകളുടെയും എക്‌സ്-ഷോറൂം വിലകളിൽ പുതുക്കിയ വില ബാധകമാകും.
2017 ഏപ്രിലിലാണ് ബിഎംഡബ്ല്യു ഇന്ത്യ ഗ്രൂപ്പിൻ്റെ സബ് ബ്രാൻഡായി ബിഎംഡബ്ല്യു മോട്ടോറാഡ് പ്രവർത്തനമാരംഭിക്കുന്നത്. ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിച്ച ബിഎംഡബ്ല്യു ജി 310 ആർ, ബിഎംഡബ്ല്യു ജി 310 ജിഎസ്, ബിഎംഡബ്ല്യു ജി 310 ആർആർ എന്നീ മോഡലുകൾ ഉൾപ്പെടെ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ 310 മോഡലുകൾ വിൽക്കുന്നുണ്ട്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിർമിക്കുന്ന കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റ് ലൈനപ്പിൽ എം മോഡലുകൾ, സാഹസിക മോട്ടോർസൈക്കിളുകൾ, റോഡ്‌സ്റ്ററുകൾ, ടൂറിങ് ബൈക്കുകൾ തുടങ്ങി നിരവധി മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നുണ്ട്.