ന്യൂഡൽഹി:ഇന്ത്യയിൽ നാല് റീട്ടെയിൽ സ്റ്റോറുകൾ കൂടി തുറക്കാൻ പദ്ധതിയിടുന്നതായി ആപ്പിൾ. ബെംഗളൂരു, പൂനെ, ഡൽഹി-എൻസിആർ, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ തുറക്കാനൊരുങ്ങുന്നത്. ആപ്പിളിന്‍റെ പുതിയ ഐഫോൺ 16 സീരിസ് ഇന്ത്യയിൽ പുറത്തിറക്കിയതിന് പിന്നാലെയാണ് നാല് റീട്ടെയിൽ സ്റ്റോറുകൾ കൂടെ തുറക്കാൻ പദ്ധതിയിടുന്നത്.
ഇന്ത്യയിൽ നിലവിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഉള്ളത് ഡൽഹിയിലും മുംബൈയിലുമാണ്. 2023 ഏപ്രിലിലാണ് ആപ്പിൾ ഇന്ത്യയിൽ ആദ്യമായി റീട്ടെയിൽ സ്റ്റോറുകൾ തുറക്കുന്നത്. ഇപ്പോൾ റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം ഇനിയും ഉയർത്താനുള്ള തീരുമാനത്തിലാണ് ആപ്പിൾ. ഇന്ത്യയിൽ ഐഫോൺ ഉപഭോക്താക്കൾ കൂടുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.
കൂടാതെ ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് മോഡലുകൾ ഇന്ത്യക്കാർക്കും, മറ്റ് ചില രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഉടൻ ആരംഭിക്കുമെന്നും ആപ്പിൾ അറിയിച്ചു. 2017ലാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മാണം ആരംഭിച്ചത്. നിലവിൽ 3,000 ത്തിലധികം ജീവനക്കാരുമായാണ് ഇന്ത്യയിലെ ഐഫോൺ നിർമാണം മുന്നോട്ടുപോകുന്നത്.