കോട്ടയം: മൃഗങ്ങളും പക്ഷികളും കാടിറങ്ങി നാട്ടിലെത്തുന്നത് അത്ര നല്ലതല്ലെന്ന് കർഷകർ പറയും. കൃഷി നശിപ്പിക്കുന്നത് മാത്രമല്ല, പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്‌ടപ്പെടുന്നതിന് പോലും അത് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷേ ആനയും പുലിയും കരടിയും അതും പോരാഞ്ഞിട്ട് കടുവ വരെ നമ്മുടെ നാട്ടിലിറങ്ങി സ്വൈര വിഹാരം നടത്തുകയാണിപ്പോൾ.
കാട്ടില്‍ നിന്നും നാട്ടിൽ ചേക്കേറിയ മയിൽക്കൂട്ടം കൗതുക കാഴ്‌ചയാകുന്നു ഇതിനിടെയാണ് മയിലുകൾ നാട്ടിലെത്തിത്തുടങ്ങിയത്. ആദ്യം കൗതുകവും പിന്നെ മനോഹര കാഴ്‌ചയുമായിരുന്നു മയിലുകളുടെ വരവ്. ഇപ്പോൾ എവിടെ നോക്കിയാലും മയിലിനെ കാണാമെന്ന സ്ഥിതിയായി. അങ്ങനെയൊരു കൗതുകമാണ് കോട്ടയം മണിമല മൂലേ പ്ലാവിലുള്ളത്.
മൂന്ന് ആൺമയിലും ഒരു പെൺമയിലുമാണ് നാട്ടുകാർക്കൊപ്പം ഇണങ്ങിക്കഴിയുന്നത്. പകൽ സമയം സമീപത്തെ വീടുകളിലും മൂലേ പ്ലാവിലെ ധർമ്മശാസ്‌ത ക്ഷേത്രത്തിലും ഇവ എത്തും. നാല് വർഷത്തിലധികമായി മയില്‍ക്കൂട്ടം ഇവിടെയുണ്ട്. മൂലേ പ്ലാവിലെ സര്‍ക്കാര്‍ മൃഗാശുപത്രി കെട്ടിടത്തിന്‍റെ രണ്ടാം നിലയാണ് മയിൽ കൂട്ടത്തിന്‍റെ വാസസ്ഥലം.
"രണ്ടെണ്ണമാണ് ആദ്യം വന്നത്. ഇപ്പോ ഒരു മൂന്ന് നാലെണ്ണം വരെ ആയിട്ടുണ്ട്. കൂടുതലുണ്ടായിരുന്നു, കുഞ്ഞുങ്ങള്‍ ചത്തുപോയതാണെന്ന് പറയുന്നു. പിന്നെ തൊട്ടടുത്ത വീടുകളില്‍ എല്ലാം ഭക്ഷണം കഴിക്കാനായി ഇവ ചെല്ലുന്നുണ്ട്', മൂലേ പ്ലാവിലെ ധർമ്മശാസ്‌ത ക്ഷേത്രം പ്രസിഡന്‍റ് അനീഷ് മൂഴിയേൽ പറയുന്നു.
സമീപത്തെ വീടുകളിൽ എത്തുന്ന മയിലുകൾ വീട്ടുകാരുമായും നല്ല അടുപ്പത്തിലാണ്. ആഹാരം കൊടുത്താൽ ഭയമില്ലാതെ വന്ന് കഴിക്കുമെന്നും പ്രദേശ വാസികൾ പറയുന്നു. ചില സമയങ്ങളിൽ ആൺ മയിൽ പീലി വിരിച്ച് ആടുന്നത് മനോഹരമായ കാഴ്‌ചയാണ്.
' മയിലിനെ കൊണ്ട് വലിയ ശല്യങ്ങളൊന്നുമില്ല. വെളിയില്‍ നിന്നും വരുന്ന ആളുകളെല്ലാം ഫോട്ടോ എടുക്കുന്നു, അതിനെ കണ്ട് അതിന്‍റെ പുറകെ ഓടുന്നു. പിന്നെ രാവിലെയൊക്കെ നല്ല തിരക്കുണ്ട് മയിലിനെ കാണാന്‍', പ്രദേശവാസിയായ രാജു പറഞ്ഞു. എന്തായാലും മണിമല മൂലേ പ്ലാവിലക്കാർക്ക് മയില്‍ ഒരു കൗതുകക്കാഴ്‌ചയായി തുടരുകയാണ്.