കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം സമനിലയില്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 47.5 ഓവറില്‍ 230ല്‍ അവസാനിച്ചു.
47 പന്തിൽ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 58 റൺസെടുത്ത ക്യാപ്റ്റന്‍ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് ശർമ മികച്ച തുടക്കം നല്‍കിയിട്ടും തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടത് ഇന്ത്യയുടെ വിജയപ്രതീക്ഷ ഇല്ലാതാക്കി. രോഹിത്തിനൊപ്പം 74 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി ശുഭ്‌മാന്‍ ഗില്ലാണ് ആദ്യം പുറത്തായത്. 35 ബോളില്‍ രണ്ട് ഫോറടക്കം 16 റണ്‍സാണ് ഗില്ലെടുത്തത്.
15ാം ഓവറില്‍ രോഹിതും പുറത്തായി. വിരാട് കോഹ്‌ലി (24), വാഷിങ്ടണ്‍ സുന്ദര്‍ (5), ശ്രേയസ് അയ്യര്‍ (23), കെഎല്‍ രാഹുല്‍ (31), അക്ഷര്‍ പാട്ടേല്‍ (33), ശിവം ദുബെ ( 25), കുല്‍ദീപ് യാദവ് (2), മുഹമ്മദ് സിറാജ് (5), അര്‍ഷ്‌ദീപ് സിങ് (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
നേരത്തെ, പത്തും നിസ്സങ്കയുടെയും ദുനിത് വെല്ലാലഗെയുടെയും അര്‍ധ സെഞ്ചുറികളാണ് ശ്രീലങ്കയുടെ സ്‌കോറുയര്‍ത്തിയത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേലും അര്‍ഷ്‌ദീപ് സിങ്ങും രണ്ട് വിക്കറ്റുകള്‍ വീതം നേടി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും.