എല്ലാ ദിവസവും ക്ലാസ് മുറിയിലിരുന്ന് പാഠങ്ങൾ പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികളേക്കാൾ നന്നായി പരീക്ഷ എഴുതി നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ബോട്ടുകൾ. എഐ ഉപയോഗിച്ച് എഴുതിയ ഉത്തരങ്ങളും കുട്ടികള്‍ എഴുതിയ ഉത്തരങ്ങളും തിരിച്ചറിയാൻ പരീക്ഷയുടെ മൂല്യനിര്‍ണ്ണയ സംവിധാനവും ബുദ്ധിമുട്ടുന്നു.
ബ്രിട്ടനിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ ചില ഗവേഷകരാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയത്. 33 സാങ്കൽപ്പിക വിദ്യാർഥികൾക്ക് വേണ്ടി ചാറ്റ് ജിപിടി വഴി അവര്‍ ഉത്തരങ്ങൾ തയ്യാറാക്കി. അതേ സർവകലാശാലയിലെ 'സ്‌കൂൾ ഓഫ് സൈക്കോളജി ആൻഡ് ക്ലിനിക്കൽ ലാംഗ്വേജ് സയൻസസ്' വിഭാഗത്തിൻ്റെ പരീക്ഷ മാനേജ്‌മെൻ്റ് സിസ്റ്റത്തിലേക്കാണ് ഈ ഉത്തരങ്ങള്‍ മൂല്യനിര്‍ണയത്തിനായി അയച്ചത്.
പരീക്ഷയില്‍ യഥാർഥ വിദ്യാർഥികളേക്കാൾ കൂടുതൽ മാർക്ക് ലഭിച്ചത് ചാറ്റ് ബോട്ടുകള്‍ക്കാണ് എന്നത് ശ്രദ്ധേയമാണ്. മാത്രമല്ല, 94 ശതമാനം ഉത്തരങ്ങളും, ആരാണ് എഴുതിയതെന്ന് സിസ്‌റ്റത്തിന് വേർതിരിച്ചറിയാനും കഴിഞ്ഞില്ല. വിദ്യാഭ്യാസത്തിലെ മൂല്യനിർണ്ണയ സംവിധാനത്തെ എഐ ബാധിക്കുന്നുവെന്ന തിരിച്ചറിവ് നമ്മുടെ അധ്യാപകർക്ക് കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഒരു മുന്നറിയിപ്പാണെന്നാണ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നത്.