പത്തനംതിട്ട : 'ബ്ലാക്‌മാൻ' ഭീതിപരത്തി മോഷണവും കവർച്ചാ ശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി പിടികൂടി. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയിൽ വീട്ടിൽ അഭിജിത്ത് (21), സംഘാംഗങ്ങളായ രണ്ട് കൗമാരക്കാർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. രണ്ടാഴ്ച്ചയായി പന്തളത്തും പരിസര പ്രദേശങ്ങളിലുമായി പ്രതികള്‍ മോഷണം നടത്തി വരികയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബൈക്കുകളുടെ ഹാൻ്റിൽ ലോക്ക് ചവിട്ടിപ്പൊട്ടിച്ച ശേഷം വയർ ഉപയോഗിച്ച് വണ്ടി സ്റ്റാർട്ട് ചെയ്യുന്നതാണ് കൗമാരക്കാരായ പ്രതികളുടെ രീതി. മോഷ്‌ടിക്കുന്ന വാഹനത്തിൽ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തുന്നത്. രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങുന്ന സംഘം പുലരുവോളം വാഹനത്തിൽ കറങ്ങി നടന്ന് റബർ ഷീറ്റുകളും ബൈക്കുകളുമടക്കം മോഷ്‌ടിക്കും.
ഒരാഴ്‌ചക്കിടയിൽ പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി വീടുകളിൽ ഇവർ മോഷണ ശ്രമം നടത്തി. കുട്ടികളടക്കമുളള കവർച്ചാ സംഘം കഞ്ചാവും മദ്യവുമടക്കം ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറയുന്നു. മോഷണ ശ്രമം തടയാന്‍ ശ്രമിക്കുന്നവരെ ഇവർ ആക്രമിക്കാറുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്‌ചയായി 'ബ്ലാക്‌മാൻ' ഭീതി സൃഷ്‌ടിച്ച് പ്രദേശത്ത് കറങ്ങുകയായിരുന്നു സംഘം.
എറണാകുളത്ത് ജോലി ചെയ്യുന്ന കണ്ണൂർ പാപ്പിനിശേരി സ്വദേശി രാഗേന്ദു നമ്പ്യാരുടെ ബജാജ് പൾസർ ബൈക്ക് നവംബർ മൂന്നിന് അർധ രാത്രി തൃപ്പൂണിത്തുറയിൽ നിന്നും മോഷ്‌ടിച്ച് പന്തളത്തേക്ക് കടത്തിയിരുന്നു. സംഭവത്തില്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മോഷ്‌ടിച്ച ഈ ബൈക്കിൽ, കഴിഞ്ഞ 15ന് അർധ രാത്രി പന്തളം കീരുകുഴി സെൻ്റ് ജോർജ് കാതോലിക്കറ്റ് ചർച്ചിന്‍റെ കാണിക്ക വഞ്ചി കുത്തിത്തുറക്കാൻ സംഘം ശ്രമിച്ചു. നിരത്തിലെ വാഹനങ്ങളുടെ വരവും കാണിക്ക വഞ്ചിക്ക് നിരവധി അറകളും സുരക്ഷ ക്രമീകരണങ്ങളുമുള്ളതിനാലും മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
സംഘത്തെ പിടികൂടാൻ ജില്ലാ പൊലീസ് മേധാവി വിജി വിനോദ് കുമാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഡാറ്റ ബാങ്ക് ഉണ്ടാക്കി സംശയം തോന്നുന്നവരെ പ്രത്യേകം നിരീക്ഷിച്ചുമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
നൂറനാട് പൊലീസ് സ്റ്റേഷന്‍ അതിർത്തിയിൽ നിന്നും ബൈക്ക് മോഷ്‌ടിച്ച്, അതിൽ കറങ്ങുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്. കൗമാരക്കാരായ സംഘാംഗങ്ങളെ, രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരോട് വളരെ മോശമായാണ് ഇവര്‍ പ്രതികരിച്ചത്. കുറ്റകൃത്യങ്ങളിൽ ഇവരുടെ പങ്കാളിത്തം തിരിച്ചറിഞ്ഞ പൊലീസ് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു.
മോഷ്‌ടിച്ച വാഹനവുമായി ഒളിച്ചിരുന്ന പന്തളത്തെ ഒരു വീട്ടിൽ നിന്നും സാഹസികമായാണ് ഇവരെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.
എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം , മാവേലിക്കര,നൂറനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരെ വാഹനമോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളും, കവർച്ചാ ശ്രമ കേസുകളുമുണ്ട്. അഭിജിത്തിന്‍റെ പേരിൽ പോക്സോ കേസും നിലവിലുണ്ട്. കേസിൽ പിടിയിലായ കൗമാരക്കാർ അടുത്തിടെ 6 മൊബൈൽ ഫോണും രണ്ട് സ്‌മാര്‍ട്ട് വാച്ചും മോഷ്‌ടിച്ച കേസുണ്ട്. എറണാകുളത്ത് നിന്നും വിലകൂടിയ പേർഷ്യൻ പൂച്ചകളെ മോഷ്‌ടിച്ച് കടത്തിയതിനും ബൈക്ക് മോഷണത്തിനും പ്രതികള്‍ ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്.
അടൂർ ഡിവൈഎസ്‌പി ജി സന്തോഷ് കുമാർ, പന്തളം എസ്എച്ച്ഒ ടി ഡി പ്രജീഷ്, എസ് ഐ അനീഷ് എബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ കെ അമീഷ്, എസ് അൻവർ ഷാ എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അഭിജിത്തിനെ റിമാൻഡ് ചെയ്‌തു. കൗമാരക്കാരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.
Also Read: ലോട്ടറി മോഷ്‌ടിച്ച് സമ്മാനത്തുക അടിച്ചുമാറ്റിയ കള്ളൻ പൊലീസിന്‍റെ പിടിയിൽ