പത്തനംതിട്ട: വാഹന ഗതാഗതം തടസപ്പെടുത്തിയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയും പൊതുനിരത്തിൽ ആഘോഷം നടത്തിയതിന് 20 ഓളം പേർക്കെതിരെ കേസ്. സംഭവത്തിലെ ഒന്നാം പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. പത്തനംതിട്ട വെട്ടിപ്രം പൂവൻപാറ സ്വദേശി ഷിയാസ് ആണ് കഴിഞ്ഞ ദിവസം രാത്രി 9.15 ഓടെ പത്തനംതിട്ട സെൻ്റ് പീറ്റേഴ്‌സ് ജങ്ഷനിൽ പൊതുജനത്തിന് ശല്യമുണ്ടാക്കും വിധം ജൻമദിനമാഘോഷിച്ചതിന് അറസ്‌റ്റിലായത്.
സുഹ്യത്തുക്കൾക്കൊപ്പം ആയിരുന്നു ആഘോഷം. ഏറെ സമയം പൊതുവഴി തടഞ്ഞ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ പത്തനംതിട്ട പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയും എസ് ഐ ജിനുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിറന്നാളുകാരനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. ഷിയാസിൻ്റെ സുഹൃത്തുക്കളായ അജിൻ, ശ്യം തുടങ്ങി സംഘത്തിലുണ്ടായിരുന്ന ഇരുപതോളം പ്രതികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.