ഗോഡ്‌സെയെ പ്രകീര്‍ത്തിക്കല്‍ : കോഴിക്കോട് എൻഐടിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - കോഴിക്കോട് എൻഐടി
🎬 Watch Now: Feature Video
Published : Feb 7, 2024, 10:32 PM IST
|Updated : Feb 11, 2024, 4:14 PM IST
കോഴിക്കോട്: കോഴിക്കോട് എൻഐടിയിലെ അധ്യാപികയുടെ ഗോഡ്‌സെ അനുകൂല പോസ്‌റ്റിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇതടക്കം എൻഐടിയിൽ അടിക്കടി ഉണ്ടാകുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തിയത്. എൻഐടിയിലെ കാവിവൽക്കരണം അവസാനിപ്പിക്കുക, ഗോഡ്സെയ്ക്ക് അനുകൂലമായി ഫേസ്ബുക് പോസ്‌റ്റിട്ട പ്രൊഫസർ ഷൈജ ആണ്ടവനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂത്ത് കോൺഗ്രസ് ഉയർത്തിയത്. കട്ടാങ്ങൽ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് എൻഐടി ക്യാമ്പസ് മെയിൻ ഗെയ്റ്റിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. ഇതിനിടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് സഘർഷത്തിന് കാരണമായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലും വടികളും പോലീസിനു നേരെ വലിച്ചെറിഞ്ഞു. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം കോഴിക്കോട് ഡി സി സി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്‌തു. നിയോജക മണ്ഡലം പ്രസിഡന്‍റ് പി ടി അസീസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി, അഡ്വ. വി ടി നിഹാൽ, എം ധനീഷ് ലാൽ, ജിനീഷ് കുറ്റിക്കാട്ടൂർ, അഡ്വ ഡിഷാൽ, ഹമീദ് മലയമ്മ തുടങ്ങിയവർ സംസാരിച്ചു.