ആത്മഹത്യാ ഭീഷണിയുമായി യുവാവ്; പരിഭ്രാന്തി പരത്തിയത് ആറു മണിക്കൂറോളം - ആത്മഹത്യാ ഭീഷണി
🎬 Watch Now: Feature Video
Published : Jan 22, 2024, 3:49 PM IST
മലപ്പുറം: തൃക്കൈക്കുത്ത് കാപ്പില്‍ ആത്മഹത്യാ ഭീഷണിയുമായി യുവാവ് പരിഭ്രാന്തി പരത്തിയത് ആറു മണിക്കൂറുകളോളം. പൊലീസിന്‍റെയും അഗ്നിരക്ഷാ സേനയുടെയും ഇടപെടലില്‍ വാതില്‍ പൊളിച്ച് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
നിലമ്പൂർ റെയില്‍വേയ്ക്ക് സമീപം താമസിക്കുന്ന 24 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കി പരിഭ്രാന്തി പരത്തിയത്. വണ്ടൂർ കാപ്പിലില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ഭക്ഷ്യ ഫാക്‌ടറിയിലാണ് സംഭവം. ഒരു വർഷം മുൻപ് യുവാവ് ഇവിടെ അക്കൗണ്ടന്‍റായി ജോലി ചെയ്‌തിരുന്നു. തുടർന്ന് മനസികാസ്വാസ്ഥ്യത പ്രകടിപ്പിച്ചതിനെ തുടർന്ന് സ്ഥാപന ഉടമകള്‍ യുവാവിന് വിദഗ്ദ്ധ ചികിത്സ ഒരുക്കിയിരുന്നു. ഉച്ചയോടെ വണ്ടൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയ ശേഷമാണ് യുവാവ് ഫാക്‌ടറിയിലെത്തിയത്. തുടർന്ന് ഫാക്‌ടറിയുടെ ഒരു മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയും പെട്രോള്‍ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. ഗ്യാസ് ലൈറ്ററും ഒരു കത്തിയും ഇയാള്‍ കൈയില്‍ കരുതിയിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാവ് അക്രമാസക്തമായിരുന്നു. ഏറെ നേരം കാത്തിരുന്ന് യുവാവിനെ ശാന്തനാക്കിയ ശേഷം രാത്രി ഏഴരയോടെയാണ് പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് മുറിയുടെ വാതില്‍ പൊളിച്ച് യുവാവിനെ പുറത്ത് എത്തിച്ചത്. നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ അബ്രാഹാമിന്‍റെ നേതൃത്വത്തില്‍ വണ്ടൂർ പൊലീസും തിരുവാലി അഗ്നി രക്ഷാ സേനയുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. യുവാവിനെ ഉടൻ ആംബുലൻസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.