അതിരപ്പിള്ളി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തുരത്താന്‍ ശ്രമം- വീഡിയോ - Wild Elephant At Residential Area
🎬 Watch Now: Feature Video
Published : Aug 9, 2024, 3:11 PM IST
|Updated : Aug 9, 2024, 3:58 PM IST
തൃശൂർ : അതിരപ്പിള്ളി അരൂർമുഴി വരടക്കയത്ത് ജനവാസ മേഖലയിൽ കാട്ടാന കൂട്ടമിറങ്ങി. രണ്ടാനകളാണ് കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തിയത്. ഇന്നലെ (08-08-2024) വൈകിട്ടോടെ ആയിരുന്നു സംഭവം. കാടിറങ്ങി ജനവാസ മേഖലയിലേക്ക് എത്തിയ ആനകളിൽ ഒരു ആന അരൂർമുഴി കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷൻ മുന്നിലൂടെ നടന്ന് എണ്ണപ്പനത്തോട്ടത്തിലേക്ക് ഇറങ്ങി.
തോട്ടത്തിലൂടെ നടന്നു നീങ്ങിയ ആനയെ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന്പടക്കം പൊട്ടിച്ചും ശബ്‌ദ മുണ്ടാക്കിയുമാണ് പുഴ കടത്തി കാട്ടിലേക്ക് വിട്ടത്. അതേസമയം ഒരാനാ ഇപ്പോഴും ജനവാസ മേഖലയ്ക്ക് സമീപം നിലയുറപ്പിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ രാത്രിയിൽ എത്തിയ ഈ കാട്ടാനക്കൂട്ടം വെറ്റിലപ്പാറ സ്വദേശി ബാബുവിന്‍റെ കൃഷിയിടത്തിൽ നാശം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ചാലക്കുടി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിൽ കബാലി എന്ന കാട്ടുകൊമ്പൻ റോഡിലിറങ്ങി നിരവധി തവണ വാഹനങ്ങൾ തടഞ്ഞിരുന്നു.
അടുപ്പിച്ച് നാലു ദിവസമാണ് കബാലി മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിട്ടത്. രോഗിയെ കൊണ്ടുപോയിരുന്ന ആംബുലൻസും, കെഎസ്ആർടിസി ബസും അടക്കം റോഡിൽ തടഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെ സഞ്ചരിച്ചിരുന്ന ജീപ്പും കബാലി ആക്രമിച്ചു.
തലനാരിഴക്കാണ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മേഖലയിൽ കാട്ടാന ശല്യം അനുദിനം വർധിച്ചുവരികയാണ് എന്നാണ് നാട്ടുകാരുടെ പരാതി. വിഷയത്തിൽ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടണം എന്നാണ് ആവശ്യം.