കാട്ടാന ആക്രമണം : കണ്ണൂരിൽ മാവോയിസ്റ്റിന് പരിക്ക് - മാവോയിസ്റ്റിനെ ആക്രമിച്ച് കാട്ടാന
🎬 Watch Now: Feature Video
Published : Feb 16, 2024, 11:12 PM IST
കണ്ണൂർ: കാട്ടാന ആക്രമണത്തിൽ മാവോയിസ്റ്റിന് പരിക്കേറ്റതായി പൊലീസ്. കാഞ്ഞിരക്കൊല്ലിയിലാണ് മാവോയിസ്റ്റ് സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. സംഘത്തിൽ ഉൾപ്പെട്ട കർണാടക ചിക്കമംഗളൂർ സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. വനത്തിലൂടെയുള്ള യാത്രയ്ക്കിടെയാണ് സംഭവം. പരിക്കേറ്റയാളെ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലിയിലെ ചിറ്റാരി കോളനിയില്‍ ചപ്പിലി കൃഷ്‌ണന്‍റെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സംഘം കാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. സുരേഷിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് കണ്ണൂർ റൂറൽ പൊലീസ് മേധാവി അറിയിച്ചു. അതേസമയം വയനാട്ടിൽ ഈ വര്‍ഷം മാത്രം കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍. പാക്കം - കുറുവ ദ്വീപ് റൂട്ടില്‍ വനമേഖലയില്‍ ചെറിയമല കവലയില്‍വച്ച് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വനം വകുപ്പ് ജീവനക്കാരന്‍ മരിച്ചു (Wild Elephant Attack). പാക്കം സ്വദേശി വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരിച്ചത്. ഒരാഴ്‌ചയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടാമത്തെയാളാണ് മരണപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ (17.02.24) യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു. തൊട്ടുപിന്നാലെ എല്‍ഡിഎഫും നാളെ വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തു.