കാട്ടാനക്കലിയില്‍ ജീവൻ നഷ്‌ടമായ സുരേഷിന് കണ്ണീരോടെ വിട നല്‍കി നാട് ; മൃതദേഹം സംസ്‌കരിച്ചു
🎬 Watch Now: Feature Video
ഇടുക്കി : മൂന്നാർ കന്നിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് കുമാറിന്‍റെ (മണിയുടെ) മൃതദേഹം സംസ്‌കരിച്ചു. തോട്ടം തൊഴിലാളികളും ജനപ്രതിനിധികളും പൊതുപ്രവർത്തകരും അടക്കം ആയിരങ്ങളാണ് മണിക്ക് കണ്ണീരോടെ വിട നൽകിയത്. അതേസമയം കാട്ടാന ആക്രമണത്തിന്‍റെ ഭീതിയിലാണ് ഇപ്പോഴും തോട്ടം മേഖല. തിങ്കളാഴ്‌ച (26-02-2024) രാത്രിയായിരുന്നു കന്നിമല എസ്‌റ്റേറ്റിലേക്ക് തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷയ്ക്കുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയും, ഡ്രൈവർ ആയ സുരേഷ് കുമാർ (മണി) കൊല്ലപ്പെടുകയും ചെയ്‌തത്. മണിയുടെ മരണം മൂന്നാറിനെ കണ്ണീരിലാഴ്ത്തി. തങ്ങളുടെ ഏതൊരു ആവശ്യത്തിനും ഓടിയെത്തുന്ന പ്രിയപ്പെട്ടവനെയാണ് നഷ്‌ടമായതെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു. മണിയുടെ മരണത്തോടെ കാട്ടാനകൾ കൂട്ടത്തോടെ എത്തി തമ്പടിക്കുന്നത് കന്നിമലയിലെ തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. വനം വകുപ്പ് ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയും ഇവർ ആവർത്തിക്കുന്നുണ്ട്. ആയിരക്കണക്കിന് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന എസ്‌റ്റേറ്റ് മേഖലകളിൽ ഇവരുടെ സുരക്ഷയ്‌ക്കായി മുള്ളുവേലി പോലും വനം വകുപ്പ് തീർത്തിട്ടില്ല. ഇത്തവണ ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്ന് വനം വകുപ്പും ജനപ്രതിനിധികളും നൽകിയ ഉറപ്പ് പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.