നൂറുവർഷത്തിലേറെ പഴക്കമുള്ള തണൽ മരത്തിന് തീയിട്ടു, പ്രതിഷേധവുമായി നാട്ടുകാരും സംഘടനകളും ; കേസെടുത്ത് പൊലീസ് - തണൽ മരത്തിനു തീയിട്ടു
🎬 Watch Now: Feature Video
Published : Mar 1, 2024, 5:28 PM IST
കാസർകോട് : വേനല്‍ക്കാലത്ത് തണൽ തന്ന മരം തീയിട്ട് നശിപ്പിച്ചതിന്‍റെ സങ്കടം ബോവിക്കാനം നിവാസികൾക്ക് മാറുന്നില്ല. കനത്ത ചൂടിലും നാടിനെ കുളിരണിയിച്ച മരമാണ് കത്തിയമർന്നത്. നൂറുവർഷത്തിലേറെ പഴക്കം ഉണ്ടായിരുന്നു ആ തണൽ മരത്തിന്. കഴിഞ്ഞ ദിവസം രാത്രിയാണ് ബോവിക്കാനം ടൗണിലെ കൂറ്റൻ മഹാഗണി മരത്തിന് ആരോ തീയിട്ടത്. മരത്തിന്‍റെ ചുവട്ടിൽ മാലിന്യത്തിന് തീയിട്ടപ്പോൾ ആളിപ്പടർന്നതാണെന്നും സംശയിക്കുന്നുണ്ട്. മരത്തിന്‍റെ മുകളിലേക്ക് തീ ആളിപ്പടർന്നതോടെ കാസർകോട് നിന്ന് അഗ്നിശമന സേന എത്തിയാണ് അണച്ചത്. ബോവിക്കാനം ടൗണിന്‍റെ അടയാളങ്ങളായിരുന്നു വർഷങ്ങൾ പഴക്കമുള്ള ഇരുപതോളം കൂറ്റൻ മരങ്ങൾ. ഇവ 10 വർഷം മുൻപ് വികസനത്തിന്‍റെ മറവിൽ മുറിച്ചുനീക്കാൻ മരാമത്ത് വകുപ്പ് തീരുമാനിച്ചപ്പോൾ പുഞ്ചിരി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ കോടതിയെ സമീപിച്ച് തടയുകയായിരുന്നു. തുടർന്ന് ഈ മരങ്ങൾ നിലനിർത്തിയാണ് റോഡിന്‍റെ വീതി കൂട്ടിയത്. തീയിട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും പുഞ്ചിരി ക്ലബ് അടക്കം വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായതോടെ മരത്തിന് തീയിട്ട സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്തു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സമീപത്തെ കടകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി മരത്തിന്‍റെ ചുവട്ടിൽ നിന്നും സാംപിളുകൾ ശേഖരിച്ചു. പെട്രോൾ, മണ്ണെണ്ണ തുടങ്ങിയവ ഉപയോഗിച്ചാണോ കത്തിച്ചതെന്ന് കണ്ടെത്താനാണിത്. അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്ന് സിഐ പി നളിനാക്ഷൻ പറഞ്ഞു.