അക്ഷയ കേന്ദ്രത്തിലും ഫാര്‍മസിയിലും മോഷണം; 28,500 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നു - Theft At Akshaya Center - THEFT AT AKSHAYA CENTER

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : May 6, 2024, 5:54 PM IST

കോഴിക്കോട് : കുന്ദമംഗലത്ത് രണ്ട് സ്ഥാപനങ്ങളില്‍ മോഷണം. കുന്ദമംഗലം-വയനാട് റോഡിലെ അക്ഷയ കേന്ദ്രത്തിലും ഫാര്‍മസിയിലുമാണ് കവര്‍ച്ച നടന്നത്. അക്ഷയ കേന്ദ്രത്തില്‍ നിന്നും 15,000 രൂപയും ഒരു മൊബൈല്‍ ഫോണും നഷ്‌ടപ്പെട്ടു. ഫാര്‍മസിയില്‍ നിന്നും ചാരിറ്റി ബോക്‌സിലെ 1500 രൂപ അടക്കം 13,500 രൂപയും മൊബൈല്‍ ഫോണുമാണ് നഷ്‌ടപ്പെട്ടത്. ഞായറാഴ്‌ചയാണ് (മെയ്‌ 5) പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം. അക്ഷയ കേന്ദ്രത്തിലെ ഫയലുകളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. അക്ഷയ കേന്ദ്രത്തിലേക്ക് സേവനം ആവശ്യപ്പെട്ട് ഒരു ഉപഭോക്താവ് വിളിച്ചപ്പോള്‍ ഫോണ്‍ നടക്കാവിലെ ഒരു ഹോട്ടലിലായിരുന്നു. ഇതോടെ അയാള്‍ അക്ഷയ കേന്ദ്രത്തിന്‍റെ ഉടമയായ ബിജിഷയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിന് പിന്നാലെ അക്ഷയ കേന്ദ്രത്തിലെത്തി നോക്കിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്‌തു. ഇതോടെയാണ് മോഷണ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. അക്ഷയ കേന്ദ്രത്തില്‍ നിന്നും മോഷണ വിവരം പുറത്ത് വന്നതോടെയാണ് ഫാര്‍മസിയിലും സമാന സംഭവം നടന്നതായി വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഫാര്‍മസിയിലെ സിസിടിവി ദൃശൃങ്ങളും പൊലീസ് പരിശോധിച്ചു. ഇതോടെയാണ് രണ്ടിടങ്ങളിലും കവര്‍ച്ച നടത്തിയത് ഒരു സംഘമാണെന്ന് കണ്ടെത്തിയത്. മൂന്ന് പേരാണ് രണ്ടിടങ്ങളിലെയും കവര്‍ച്ച സംഘത്തിലുള്ളത്. ഇരു സ്ഥാപനങ്ങളുടെയും ഉടമകളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.