വയനാട്ടിൽ മലയണ്ണാന്‍റെ ആക്രമണത്തിൽ പത്തോളം പേര്‍ക്ക് പരിക്ക്; പ്രശ്‌നക്കാരന്‍ അണ്ണാനെ പിടികൂടി വനം വകുപ്പ് - വയനാട്ടിൽ മലയണ്ണാന്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Feb 7, 2024, 7:42 PM IST

വയനാട്: ചീയമ്പം, ഇരുളം മേഖലകളില്‍ ഒരു മാസത്തിനിടെ പത്തോളം പേര്‍ക്ക് മലയണ്ണാന്‍ മാന്തിയതിനെ തുടര്‍ന്ന് പരിക്കേറ്റു (indian giant squirrel attack). ഇരുളം മിച്ചഭൂമിക്കുന്നില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വല്ലനാട്ട് സീമന്തിനി (60), പാലക്കാട്ടില്‍ ബിന്ദു (40), പാടത്തുവളപ്പില്‍ വാസൂ (65), പാറവിള ഗോപി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരുടെ മുഖവും കഴുത്തും മാന്തിക്കീറിയിട്ടുണ്ട്. കഴിഞ്ഞ മാസം ചീയമ്പം പ്രദേശത്ത് പഞ്ചായത്തംഗം കൂടിയായ രാജന്‍, ഭാര്യ മായ, മകള്‍ ദേവനന്ദ എന്നിവര്‍ക്കും സമാന രീതിയില്‍ പരിക്കേറ്റിരുന്നു. ഇവരെ കൂടാതെ പല ഭാഗങ്ങളിലുള്ള വേറെയും ചിലര്‍ക്ക് പരിക്കുണ്ട്. പ്രശ്‌നക്കാരനായ മലയണ്ണാന്‍റെ ശല്യം കൂടിയപ്പോള്‍ കഴിഞ്ഞ മാസം അണ്ണാനെ കൂട് വെച്ച് പിടികൂടി വനപാലകര്‍ക്ക് കൈമാറിയിരുന്നു. പിന്നീട് ഇതിനെ വനത്തില്‍ തുറന്ന് വിട്ടെങ്കിലും നാട്ടുകാരോട് ഇടപഴകി ശീലമുള്ളതിനാല്‍ വീണ്ടും എത്തുകയായിരുന്നു. ഒടുവില്‍ വനപാലകര്‍ ഇന്ന്  കെണിയൊരുക്കി അണ്ണാനെ പിടികൂടി കൂട്ടിലാക്കി കൊണ്ടുപോകുകയായിരുന്നു. ഇന്നലെ വൈകുന്നേരം സീമന്തിനിയുടെ വീട്ടില്‍ കയറിയാണ് മലയണ്ണാന്‍ അവരെ ആക്രമിച്ചത്. ഇവരുടെ തലയിലേക്ക് ചാടിയ മലയണ്ണാന്‍ അവരുടെ കഴുത്തിലും തലയിലും മാന്തി മുറിവേല്‍പ്പിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസി ബിന്ദുവാണ് സീമന്തിനിയെ രക്ഷിച്ചത്. ഇതിനിടെ ബിന്ദുവിനെയും ആക്രമിച്ചു. ഒരു മാസം മുന്‍പാണ് ഈ പ്രദേശങ്ങളില്‍ മലയണ്ണാനെത്തിയത്. ആളുകളെ കണ്ടാല്‍ മരത്തില്‍ നിന്നു ചാടിയിറങ്ങി ദേഹത്തേക്ക് കയറി മാന്തി പരിക്കേൽപ്പിക്കുകയാണ് ചെയ്യുന്നത്. പകല്‍ സമയത്തും ആളുകള്‍ വീട് അടച്ചാണ് കഴിഞ്ഞിരുന്നത്. കുട്ടികളും സ്ത്രീകളും വീടുകളുടെ പുറത്തിറങ്ങാന്‍ ഭയപ്പെട്ടിരുന്നു. ആളുകളോട് ഇണക്കമുള്ളതുകൊണ്ടാകാം മലയണ്ണാന്‍ ദേഹത്തേക്ക് ചാടിക്കയറുന്നതെങ്കിലും നഖം കൊണ്ടുള്ള മാന്തല്‍ അത്ര സുഖമുള്ള കാര്യമല്ലെന്നും പരിക്കേറ്റ് ചികിത്സ തേടി ഇഞ്ചക്ഷനടക്കം എടുക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അനുഭവസ്ഥര്‍ പറയുന്നു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.