'പടവലം' ഗിന്നസ് റെക്കോർഡായാല്‍ കോതമംഗലത്തെ ജോളിയും ലാലിച്ചനും ഹാപ്പി - പടവലങ്ങ
🎬 Watch Now: Feature Video
Published : Jan 26, 2024, 3:02 PM IST
എറണാകുളം: കോതമംഗലത്തെ ജോളിയും ലാലിച്ചനും ചേർന്ന് കൃഷി ചെയ്‌ത പടവലം ഗിന്നസ് റെക്കോർഡിന്‍റെ പെരുമയിലേക്ക് വളരുകയാണ്. മൂന്ന് മാസം മുമ്പ് നട്ടുവളർത്തിയ പടവലത്തിന്‍റെ വള്ളിയിൽ മൊട്ട് വിരിഞ്ഞപ്പോൾ പ്രതീക്ഷിച്ചത് സാധാരണ വലിപ്പത്തിലുള്ള കായ ലഭിക്കുമെന്നായിരുന്നു. എന്നാൽ പടവലം ദിവസം തോറും വളർന്ന് ആശ്ചര്യപ്പെടുത്തുന്ന നീളം കൈവരിച്ചിരിക്കുകയാണ്. അസാധാരണ പടവലത്തെ കുറിച്ച് നാട്ടിൽ പാട്ടായതോടെ കാണാൻ ആളുകളും എത്തിത്തുടങ്ങി. കൃഷിയെ പരിപാലിക്കുന്ന ജോളിക്ക് പറയാനുളളത്, പടവലങ്ങയുടെ അപ്രതീക്ഷിതമായ വളർച്ചയെ കുറിച്ചാണ്. നിലവിൽ ഗിന്നന്ന് ബുക്കിൽ ഇടം നേടിയ പടവലത്തിന്‍റെ നീളം രണ്ടേ മുക്കാൽ മീറ്ററാണ്. എന്നാൽ ജോളിയും ലാലിച്ചനും കൃഷി ചെയ്‌ത പടവലം ഇപ്പോൾ തന്നെ രണ്ടേമുക്കാൽ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ്. പടവലം ഗിന്നസ് റെക്കോർഡിലെത്തിക്കാനുള്ള പ്രവർത്തനങ്ങളും ഇവർ തുടങ്ങിയിട്ടുണ്ട്. മൂന്ന് മാസങ്ങൾക്ക് മുമ്പ് കോതമംഗലത്തെ സഹകരണ ബാങ്കിൻ്റെ സ്റ്റാളിൽ നിന്ന് വാങ്ങിയ വിത്തുകളാണ് ഇപ്പോൾ വളർന്ന് പന്തലിച്ച് അസാധാരണ വലിപ്പമുള്ള പടവലങ്ങകളായി കൃഷിയിടത്തിൽ നിറഞ്ഞു നിൽക്കുന്നത്. ജൈവം വളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്. പച്ച ചാണകം, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവ ചേർത്ത് എട്ട് ദിവസം പുളിപ്പിച്ചു ഉണ്ടാക്കിയ മിശ്രിതം ആണ് വളമായി ഉപയോഗിക്കുന്നത്. വീട്ടാവശ്യത്തിനുള്ള വെണ്ട, വഴുതിന, ചീര, പയർ, കാബേജ്, കാന്താരി മുളക് എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്. വലിപ്പം കൊണ്ട് ശ്രദ്ധേയമായ പടവലം കാണാൻ ധാരാളം പേർ എത്തുന്നുണ്ടെന്ന് വീട്ടമ്മയായ ജോളി പറയുന്നു. പടവലത്തിന്‍റെ പേരിൽ ഒരു ഗിന്നസ് റേക്കോർഡ് നേടാൻ കഴിയുമെന്നാണ് ജോളിയും കുടുംബവും പ്രതീക്ഷിക്കുന്നത്.