കൊച്ചിയിൽ നേത്രാവതി എക്‌സ്‌പ്രസില്‍ തീപിടിത്തം ; സംഭവം ബ്രേക്ക് ഇട്ടതിന് പിന്നാലെ - FIRE IN TRAIN
🎬 Watch Now: Feature Video


Published : Feb 14, 2024, 4:21 PM IST
എറണാകുളം: കൊച്ചിയിൽ ട്രെയിനിന് തീപിടിച്ചു. നേത്രാവതി എക്‌സ്‌പ്രസിന്‍റെ പാൻട്രി കാറിന് താഴെയാണ് തീ പിടിത്തമുണ്ടായത്. ട്രെയിൻ ആലുവ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ റെയിൽവെ പൊലീസ് ഫയർ എക്‌സ്‌റ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീയണച്ചു. ബ്രേക്ക് ഇട്ടതിന് പിന്നാലെയാണ് തീപിടിച്ചതെന്നാണ് കരുതുന്നത്. റെയിൽവേ സാങ്കേതിക വിഭാഗം വിദഗ്‌ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം യാത്ര തുടരുന്നതിന് പ്രശ്‌നമില്ലെന്ന് അറിയിച്ചു. ഒരു മണിക്കൂറോളം ആലുവ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ യാത്ര പുനരാരംഭിച്ചു. ട്രെയിനിന്‍റെ അടിഭാഗത്ത് തീയും പുകയും കണ്ടത് പരിഭ്രാന്തി പടർത്തിയെങ്കിലും നിമിഷങ്ങൾക്കകം തീയണക്കാൻ കഴിഞ്ഞത് ആശ്വാസമായി. മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് നേത്രാവതി എക്‌സ്‌പ്രസിൽ തീപിടിത്തമുണ്ടായത്. അതേസമയം കാസർകോട് ജില്ലയിലെ കുബണൂരിൽ മാലിന്യ സംസ്‌കരണ പ്ലാൻ്റിൽ കഴിഞ്ഞദിവസം വൻ തീപിടിത്തമുണ്ടായിരുന്നു. ഇന്നലെ (12-02-2024) അർധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത് (Huge Fire Broke Out At Waste Plant In Kubanur, Kasaragod). കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ പൂർണമായും നിയന്ത്രണ വിധേയമായിട്ടില്ല. മഞ്ചേശ്വരം താലൂക്കിലെ ഏറ്റവും വലിയ മാലിന്യ സംസ്‌കരണ പ്ലാന്‍റാണ് കുബണൂരിലേത്.