നെടുമ്പാശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്; ഇടതു മുന്നണിക്ക് അട്ടിമറി വിജയം
🎬 Watch Now: Feature Video
എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പിൽ നെടുമ്പാശ്ശേരി പഞ്ചായത്ത് പതിനാലാം വാർഡ് പിടിച്ചെടുത്ത് എൽഡിഎഫ്. 98 വോട്ടിനാണ് എൽഡിഎഫിലെ എൻഎസ് അർച്ചന എതിർ സ്ഥാനാർഥി സ്വാതിയെ പരാജയപ്പെടുത്തി. പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്‌ടമായതോടെ ഭരണം ഇടതുമുന്നണിക്ക്. കോൺഗ്രസിലെ സംഘടന പ്രശ്‌നങ്ങളെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്ന സന്ധ്യ അംഗത്വം രാജിവച്ചിരുന്നു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു വൈസ് പ്രസിഡന്‍റിന്‍റെ രാജിയിലേക്ക് നയിച്ചത്. ഇതോടെയാണ് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. പത്തൊമ്പത് അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ യുഡിഎഫ് 10, എൽഡിഎഫ് 9 എന്ന നിലയിലായിരുന്നു കക്ഷി നില. എന്നാല്‍ വൈസ് പ്രസിഡന്‍റ് സന്ധ്യയുടെ രാജിയോടെ ഇരുമുന്നണികളുടെയും കക്ഷി നില തുല്യമാവുകയായിരുന്നു. ഇതോടെയാണ് നെടുമ്പാശ്ശേരി പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിന് വീറും വാശിയുമേറിയത്. കഴിഞ്ഞ തവണ 87 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്ത പതിനാലാം വാർഡിൽ വിജയിക്കാൻ കഴിയുമെന്ന് യുഡിഎഫ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇടതു മുന്നണി അട്ടിമറി വിജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം ജില്ലയിലെ എടവനക്കാട് പഞ്ചായത്ത് പതിനൊന്നാം വാർഡിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചു. ഇടതുമുന്നണിയുടെ സിറ്റിങ് സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. 108 വോട്ടുകൾക്കാണ് യുഡിഎഫിലെ ശാന്തി മുരളി വിജയിച്ചത്. യുഡിഎഫ് ആണ് നിലവിൽ എടവനക്കാട് പഞ്ചായത്ത് ഭരിക്കുന്നത്. ജില്ലയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഒരോ സീറ്റുകൾ പരസ്‌പരം പിടിച്ചെടുക്കുകയായിരുന്നുവെന്ന പ്രതേകത കൂടിയാണ് ഫലത്തെ ശ്രദ്ധേയമാക്കുന്നത്.