റോഡ് നിര്‍മാണത്തിനിടെ നിധി കണ്ടെത്തി; നിധികുംഭവുമായി കരാറുകാരന്‍ മുങ്ങി, കണ്ടെത്തുമെന്ന് യുപി പൊലീസ് - യുപിയില്‍ നിധി കണ്ടെത്തി
🎬 Watch Now: Feature Video
Published : Jan 24, 2024, 9:45 PM IST
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റോഡ് നിര്‍മാണത്തിനിടെ കണ്ടെത്തിയ മുഗള്‍ കാലഘട്ടത്തിലെ സ്വർണം, വെള്ളി നാണയങ്ങളുമായി കരാറുകാരന്‍ രക്ഷപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്. സംഭാല്‍ ജില്ലയിലെ ജുന്‍വായ് ഗ്രാമത്തില്‍ ചൊവ്വാഴ്‌ചയാണ് (ജനുവരി 23) സംഭവം. ഗ്രാമ മുഖ്യനായ കമലേഷിന്‍റെ മേല്‍നോട്ടത്തിലാണ് റോഡ് പണി പുരോഗമിച്ചിരുന്നത്. ഗ്രാമവാസിയായ മണിറാം സിങ്ങിന്‍റെ കൃഷിയിടത്തില്‍ നിന്നാണ് റോഡ് നിര്‍മാണത്തിനുള്ള മണ്ണ് എടുത്തിരുന്നത്. കൃഷിയിടത്തില്‍ നിന്നും മണ്ണ് ശേഖരിക്കുന്നതിനിടെയാണ് മണ്ണിനുള്ളില്‍ നിന്നും ഒരു മണ്‍കലം കണ്ടെത്തിയത്. കലം തുറന്ന് പരിശോധിച്ചപ്പോഴാണ് മുഗള്‍ കാലഘട്ടിലെ സ്വര്‍ണം, വെള്ളി നാണയങ്ങള്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട റോഡ് നിര്‍മാണത്തിന്‍റെ കരാറുകാരന്‍ കലവുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ കലവുമായി രക്ഷപ്പെടുന്നതിനിടെ ഏതാനും നാണയ തുട്ടുകള്‍ സ്ഥലത്ത് വീണുപോകുകയും ചെയ്‌തു. നിധി കണ്ടെത്തിയതിന് കുറിച്ച് വാര്‍ത്തകള്‍ പരന്നതോടെ സ്ഥലത്ത് ജനങ്ങള്‍ തടിച്ച് കൂടി. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. നാണയം നിറച്ചതായി കണ്ടെത്തിയ കലത്തിന് ഏകദേശം ഒരു കിലോയിലധികം തൂക്കം വരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് ഇന്‍ ചാര്‍ജ് അനില്‍കുമാര്‍ പറഞ്ഞു.