എല്ലാ വിദ്യാർഥികൾക്കും കായിക പരിശീലനം, ക്രെഡിറ്റ് മാർക്ക്: മന്ത്രി ആർ ബിന്ദു - Minister R Bindu
🎬 Watch Now: Feature Video
Published : Jan 26, 2024, 9:56 PM IST
കാസർകോട്: സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും കായിക പരിശീലനവും കായിക ക്ഷമത വർധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. വിദ്യാർഥികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ കായിക അധ്യാപകരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കബഡി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിയാട്ട് സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ നിലവിൽ വരുമ്പോൾ സ്‌കിൽ കോഴ്‌സുകൾക്ക് ക്രെഡിറ്റ് മാർക്ക് നൽകുമെന്നും, വിദ്യാർത്ഥികളുടെ കായിക മികവുകളെ ഗ്രേസ് മാർക്കിന് പുറമെ സ്‌കിൽ വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. കായികയിനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിനുള്ള സമയം നഷ്‌ട്ടപ്പെടുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതോടെ കായിക പരിശീലനത്തിന് പോകുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കിന് പുറമെ സ്‌കില്ലിൻ്റെ ഭാഗമായി ലഭിക്കുന്ന ക്രെഡിറ്റ് നേടാനാവും. ഇത് വിദ്യാർത്ഥികൾക്ക് ഹാജർ നഷ്‌ടപ്പെടാതിരിക്കാൻ സഹായകരമാകുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പിൽ എം രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ അവാർഡ് ജേതാവ് ഇ ഭാസ്‌കരൻ, ഫോക്‌ലോർ അവാർഡ് ജേതാവ് വി പി രാജൻ എന്നിവരെ മന്ത്രി ആദരിച്ചു. സിനിമാ താരം പി പി കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായി.