സർക്കാർ ഭൂമിയിൽ അനധികൃത പാറഖനനം; റവന്യൂ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് വിജിലൻസ്
🎬 Watch Now: Feature Video
Published : Jan 23, 2024, 10:41 PM IST
ഇടുക്കി: ചതുരംഗപ്പാറ വില്ലേജില സർക്കാർ ഭൂമിയിൽ വൻതോതിൽ അനധികൃത പാറഖനനം നടന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി വിജിലൻസ്. സർക്കാരിന് ഒരു കോടിയിലധികം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് വിജിലൻസിന്‍റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ റവന്യൂ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന കണ്ടെത്തലിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ വിജിലൻസ് സംഘം പ്രാഥമിക പരിശോധനകൾ നടത്തി. ഉടുമ്പൻചോല താലൂക്കിലെ പാപ്പൻപാറ, സുബ്ബൻപാറ എന്നിവിടങ്ങളിലാണ് അനധികൃത പാറഖനനം നടത്തുന്നത്. കോട്ടയം വിജിലൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് റവന്യു ഭൂമിയിൽ പാറഖനനം കണ്ടത്തിയത്. ഇടുക്കി ദേവികുളം സ്വദേശിയുടെ പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. മുൻപ് നടത്തിയ അന്വേഷണത്തിൽ പാറപൊട്ടിച്ച് കടത്തിയതിന് മൂവാറ്റുപുഴ സ്വദേശികൾക്കെതിരെ 12 ലക്ഷം രൂപ പിഴയിട്ടിരുന്നു. വീണ്ടും അനധികൃത പാറഖനനം തുടരുന്നത് ഉദ്യോഗസ്ഥ സഹായത്തോടെ എന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. റോയൽറ്റി ഇനത്തിൽ ഒരു കോടി രൂപ എങ്കിലും സർക്കാരിന് നഷ്‌ടമായെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇതിൻ്റെ ഭാഗമായി ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ വിജിലൻസ് പ്രാഥമിക പരിശോധനകൾ നടത്തി. ഭൂപതിവ് തഹസിൽദാരിൽ നിന്നും വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. വരും ദിവസങ്ങളിലും കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്നാണ് വിജിലൻസ് സംഘം നൽകുന്ന സൂചന.