കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക് - Car and KSRTC accident on MC road
🎬 Watch Now: Feature Video


Published : Mar 8, 2024, 4:50 PM IST
കോട്ടയം: എംസി റോഡിൽ കോട്ടയം കുര്യത്ത് വാഹനാപകടം. കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു. സംഭവത്തില്‍ ബസിലെയും കാറിലെയുമടക്കം 37 യാത്രക്കാര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിയുകയായിരുന്നു. ബസ് യാത്രക്കാരായ 35 പേരെ കോട്ടയം മെഡിക്കൽ കോളജിലും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരല്ല. എന്നാൽ കാർ യാത്രക്കാരായ രണ്ടു പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇരുവരും തെള്ളകത്തെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ തിരുവനന്തപുരം ഡിപ്പോയിലെ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ബസ്സിന്‍റെ പിന്നിലെ ടയർ ഊരിപ്പോയി. റോഡരികിലെ പോസ്റ്റ് ഇടിച്ചു തകർത്ത ശേഷമാണ് ബസ്സ് റോഡിലേക്ക് മറിഞ്ഞത്. ക്രെയിൻ ഉപയോഗിച്ച് ഏറെ ശ്രമപ്പെട്ടാണ് ബസ് നീക്കിയത്. അപകടത്തെ തുടർന്ന് എംസി റോഡിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.