സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം: തത്സമയം - KERALA STATE FILM AWARDS
🎬 Watch Now: Feature Video
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്. സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തുന്നത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ പരിഗണിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയനന്ദനനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളുമാണ്. രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സ്‌ക്രീനിംഗ് നടന്നത്. ആദ്യ റൗണ്ടില്‍ 160 ചിത്രങ്ങളാണ് ഇക്കുറി മത്സരത്തിനെത്തിയത്. ഇതിൽ 84 സിനിമകള്‍ നവാഗത സംവിധായകരുടേതാണ്. തിയേറ്ററിൽ റിലീസാകാത്ത, എന്നാൽ രാജ്യാന്തര മേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രങ്ങളും ജൂറിയുടെ മുന്നിലുണ്ട്. മമ്മൂട്ടിയുടെ 'ഭ്രമയുഗം', 'കാതല്‍', പൃഥ്വിരാജിന്‍റെ 'ആട് ജീവിതം', 'ഉള്ളൊഴുക്ക്', 2018, 'ഫാലിമി' തുടങ്ങീ നാല്‍പ്പതോളം സിനിമകള്‍ ചലച്ചിത്ര പുരസ്‌കാരത്തിനുള്ള അന്തിമ റൗണ്ടില്‍ ഉണ്ടാവും. കടുത്ത മത്സരമാണ് ഇക്കുറി മികച്ച നടനുള്ള പുരസ്‌കാരത്തിന്. 'കാതലി'ലെ മാത്യുവിനെ അവതരിപ്പിച്ച മമ്മൂട്ടിയോ അതോ 'ആടുജീവിത'ത്തിലെ നജീബായി മാറിയ പൃഥ്വിരാജോ അതോ ഇനിയും റിലീസാകാത്ത ചിത്രങ്ങളിലെ പ്രകടനത്തിന് മറ്റാരെങ്കിലോ? ആരാകും മികച്ച നടന്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമ പ്രേമികള്‍. ടൊവിനോ തോമസിന്‍റെ 'അദൃശ്യ ജാലകങ്ങളും' ജൂറിയുടെ അഭിപ്രായം നേടുന്നുണ്ട്. മികച്ച നടിക്കുള്ള പുരസ്‌കാരത്തിലും കനത്ത മത്സരമാണ് നടക്കുന്നത്. 'ഉള്ളൊഴുക്കി'ലെ ലീലാമ്മയായി വേഷമിട്ട ഉർവശിയും, അഞ്ജുവായെത്തിയ പാർവതി തിരുവോത്തും മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിലെണ്ടെന്നാണ് സൂചന. മോഹൻലാൽ - ജിത്തു ജോസഫ് ചിത്രം 'നേരി'ലെ പ്രകടനത്തിൽ അനശ്വര രാജനും പരിഗണനയിലുണ്ട്. ബ്ലെസി, ജിയോ ബേബി, ക്രിസ്‌റ്റോ ടോമി തുടങ്ങിയവര്‍ മികച്ച സംവിധായകനുള്ള പുരസ്‌കാര പട്ടികയിലുമുണ്ട്.