'സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ല' ; നിലപാട് ആവര്‍ത്തിച്ച് കെ റെയിൽ വിരുദ്ധ ജനകീയ സമിതി
🎬 Watch Now: Feature Video
കോട്ടയം: കേന്ദ്രവുമായി ആലോചിച്ച് സിൽവർ ലൈൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ കെ റെയിൽ വിരുദ്ധ ജനകീയ സമിതി (K Rail Portesters). സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻച്ചിറ പറഞ്ഞു. കേരളത്തിന്‍റെ പരിസ്ഥിതിയെ ബാധിക്കുന്ന, വീണ്ടും സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിടുന്ന ഈ പദ്ധതി സർക്കാർ ഉപേക്ഷിക്കണം. കേരള ജനതയ്‌ക്ക് ഈ പദ്ധതി ആവശ്യമില്ല. പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും കെ റെയിൽ വിരുദ്ധ ജനകീയ സമിതി അറിയിച്ചു. കെ റെയിലിനെതിരെ പലയിടങ്ങളിലായി വേറിട്ട രീതിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. സിൽവർ ലൈൻ കടന്നുപോകുന്നിടങ്ങളിൽ സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതുമാറ്റിയാണ് പലയിടത്തും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. കോട്ടയത്തും കെ റെയിൽ വിരുദ്ധ സമരസമിതി വേറിട്ട പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. സമരപ്പന്തലിന് സമീപം വാഴ നട്ടുകൊണ്ടായിരുന്നു പ്രതിഷേധം അറിയിച്ചത്. 2022ലെ പരിസ്ഥിതി ദിനത്തിൽ ചങ്ങനാശ്ശേരി മാടപ്പള്ളി സിൽവർ ലൈൻ വിരുദ്ധ സത്യഗ്രഹ സമരപ്പന്തലിന് സമീപമാണ് വാഴ നട്ടത്.