പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജസ്‌പ്രീത് ബുംറ ഇന്ത്യന്‍ ടീമിനെ നയിക്കും. രോഹിത് ശര്‍മയുടെ അഭാവത്തിലാണ് വൈസ് ക്യാപ്റ്റനായ ബുംറയ്ക്ക് രണ്ടാമതും ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. നവംബര്‍ 22 ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. കുഞ്ഞ് പിറന്നതിനാല്‍ കുടുംബത്തോടൊപ്പം കഴിയാൻ രോഹിത്തിന് ബിസിസിഐ വിശ്രമം അനുവദിച്ചിരുന്നു.
കഴിഞ്ഞ വെളളിയാഴ്‌ചയാണ് (നവംബര്‍ 15) രോഹിത്തിന് തന്‍റെ രണ്ടാമത്തെ കുട്ടി ജനിച്ചത്. ഇതിന്‍റെ സന്തോഷം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുടുംബത്തോടൊപ്പം കഴിയുന്നതിനാലാണ് രോഹിത് മത്സരത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഓസീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ താനുണ്ടാവില്ലെന്ന് രോഹിത്ത് നേരത്തെ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിസംബര്‍ നാലിന് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ രോഹിത്ത് ഇറങ്ങും. അതേസമയം, ശുഭ്‌മാൻ ഗില്ലും ആദ്യ ടെസ്റ്റ് മത്സരത്തില്‍ കളിക്കില്ല. ഇടതു കൈക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരം വിശ്രമത്തിലാണ്. ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണി നടത്തേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. രോഹിത്തിന് പകരം പുതിയ ഓപ്പണറെ കണ്ടെത്തേണ്ടിവരും. ശുഭ്‌മാന്‍ ഗില്ലിന് പകരം മൂന്നാം നമ്പറില്‍ കെ എല്‍ രാഹുലിന് അവസരം ലഭിക്കാനാണ് സാധ്യത.