മഞ്ചേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ ലിഫ്റ്റ് തകർന്ന് നാല് പേർക്ക് പരിക്ക് - ലിഫ്റ്റ് തകർന്നു
🎬 Watch Now: Feature Video
Published : Feb 1, 2024, 6:02 PM IST
മലപ്പുറം: സ്വകാര്യ സ്ഥാപനത്തിൽ ലിഫ്റ്റ് പൊട്ടി വീണ് നാല് പേർക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ആണ് ലിഫ്റ്റ് തകർന്ന് അപകടം ഉണ്ടായത്. മൂന്നുനില കെട്ടിടത്തിൽ ആയിരുന്നു അപകടം. രണ്ട് ജീവനക്കാർ അടക്കം നാലു പേർക്കാണ് പരിക്കേറ്റത്. സ്ഥാപനത്തിൽ നിർമാണ സാമഗ്രികൾ കൊണ്ടു പോകുന്ന ലിഫ്റ്റ് ആണ് തകർന്നത്. ആഷിക്, മുഹമ്മദ്, ജോസഫ്, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടു പേർ ഇതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. പരിക്കേറ്റവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഒരാൾക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ വിദഗ്‌ധ ചികിത്‌സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്നു പേരെ മഞ്ചേരിയിലെ വിവിധ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റ നാലു പേരും അപകട നില തരണം ചെയ്‌തുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വലിയ അപകടമാണ് ഒഴിവായതെന്നും തല നാരിഴക്കാണ് നാല് പേരും രക്ഷപ്പെട്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. സര്‍വീസ് ലിഫ്‌ട് അറ്റകുറ്റപ്പണി ചെയ്യാതെ പ്രവര്‍ത്തിപ്പിച്ചതാകാം അപകട കാരണമെന്ന നിഗമനത്തിലാണ് പരിക്കേറ്റവരും ബന്ധുക്കളും.