പൂപ്പാറയിലെ വ്യാപാരികളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം; ഡീൻ കുര്യക്കോസ് എം പി - അഡ്വ ഡീൻ കുര്യക്കോസ്
🎬 Watch Now: Feature Video
Published : Feb 20, 2024, 3:43 PM IST
ഇടുക്കി: പൂപ്പാറയിൽ നിന്നും ചെറുകിട വ്യാപാരികളെ ഇറക്കി വിട്ടിട്ടുണ്ടെങ്കിൽ അത് ഇടതുപക്ഷ ഗവണ്‍മെന്‍റിന്‍റെ തീരുമാനമാണെന്ന് ഇടുക്കി എം പി അഡ്വ ഡീൻ കുര്യക്കോസ്. ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടന്ന നയവിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കലക്‌ടർ ഇടുക്കി ജില്ലയിൽ നടപ്പിലാക്കുന്ന എല്ലാ നടപടികളുടെയും ഒന്നാമത്തെ ഉത്തരവാദി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. പൂപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളെയും വീടുകളെയും പുനരധിവസിപ്പിക്കണം, കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാന്തൻപാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നയവിശദീകരണ യോഗം സംഘടിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതോടെ എങ്ങനെ ജീവിക്കണം എന്നറിയാതെ ബുദ്ധിമുട്ടുകയാണ് പൂപ്പാറയിലെ കച്ചവടക്കാർ. കടകൾ പൂട്ടി സീൽ ചെയ്‌തതോടെ ലക്ഷങ്ങളുടെ നഷ്‌ടമാണ് ഉണ്ടായത്. ഉള്ള കിടപ്പാടവും കൂടി നഷ്‌ടപ്പെടുമോ എന്ന ആശങ്കയിലാണ് പൂപ്പാറ നിവാസികൾ. വരുമാന മാർഗം നിലച്ചതോടെ ദുരിതത്തിലായ നിരവധി കുടുംബങ്ങളാണ് പൂപ്പാറയിൽ ഉള്ളതെന്നും എംപി ചൂണ്ടിക്കാട്ടി.