ആരോഗ്യനില മോശം ; ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി
🎬 Watch Now: Feature Video
Published : Mar 1, 2024, 11:49 AM IST
ഇടുക്കി : മൂന്നാറിൽ നിരാഹാര സമരം അനുഷ്‌ഠിക്കുകയായിരുന്ന ഡീൻ കുര്യാക്കോസ് എംപി യെ ആശുപത്രിയിലേക്ക് മാറ്റി (Dean Kuriakose MP Was Taken To Hospital). ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആരോഗ്യപ്രവർത്തകർ എം പിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷുഗർ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് നടപടി. മൂന്നാറിലെ അപകടകാരികളായ കാട്ടാനകളെ പിടികൂടി നാടുകടത്തണമെന്നും ഇടുക്കിയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ കുര്യാക്കോസ് എം പി നിരാഹാര സമരം ആരംഭിച്ചത്. കന്നിമലയിൽ ഓട്ടോറിക്ഷ ഡ്രൈവർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു സമരം. ഇത് ആരംഭിച്ച് മൂന്നാം ദിവസമാണ് എം പിയെ ആശുപത്രിയിലേക്ക് മാറ്റിയത്. സമരത്തിന്‍റെ രണ്ടാം ദിവസം എംപിയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. മൂന്നാം ദിവസത്തെ സമരത്തിനിടെ സ്ഥിതി കൂടുതൽ വഷളായതോടെ പൊലീസിന്‍റെ സാന്നിധ്യത്തിൽ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വന്യ മൃഗ ശല്യത്തിന് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയ്യാറാവാത്ത സാഹചര്യത്തിൽ തുടർ സമരങ്ങൾ നടത്താനാണ് കോൺഗ്രസ് ജില്ലാനേതൃത്വത്തിന്‍റെ തീരുമാനം.