ഉത്പാദനം കുറഞ്ഞു: മെച്ചപ്പെട്ട വില ലഭിച്ചിട്ടും വിപണിയിലെത്തിക്കാന്‍ കൊക്കോ ഇല്ലാതെ കര്‍ഷകര്‍
🎬 Watch Now: Feature Video
Published : Jan 22, 2024, 10:52 PM IST
ഇടുക്കി: മെച്ചപ്പെട്ട വില ലഭിക്കുമ്പോഴും വിപണിയില്‍ എത്തിക്കാന്‍ കൊക്കോ ഇല്ലാതെ കര്‍ഷകര്‍. നിലവിൽ പച്ച കൊക്കോയ്ക്ക് 90 രൂപയും ഉണക്ക കൊക്കോയ്ക്ക് 310 രൂപയുമാണ് വിപണി വില. വില ഉയര്‍ന്നത് കൊണ്ട് തങ്ങള്‍ക്ക് കാര്യമായ പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി കൊക്കോയ്ക്ക് മെച്ചപ്പെട്ട വിലയാണ് വിപണിയില്‍ ലഭിക്കുന്നത്. പക്ഷെ ഉയര്‍ന്ന വില ലഭിക്കുന്ന ഘട്ടത്തില്‍ വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് കൊക്കോ ഇല്ലാത്ത സ്ഥിതിയുണ്ട്. വിലയുള്ളപ്പോള്‍ ഉത്പന്നവും ഉത്പന്നമുള്ളപ്പോള്‍ വിലയുമില്ലെന്നതാണ് കൊക്കോ കര്‍ഷകരുടെ പരാതി. ഇത് കര്‍ഷകരെ നിരാശരാക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടായ വിലയിടിവും രോഗബാധയും ഉത്പാദനക്കുറവും കഴിഞ്ഞ നാളുകളില്‍ ഹൈറേഞ്ചിലെ കൊക്കോ കൃഷിക്ക് തിരിച്ചടി ആയിട്ടുണ്ട്. മുമ്പ് കൃത്യമായ ഇടവേളകളില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം നല്‍കിയിരുന്ന കൃഷിയായിരുന്നു കൊക്കോ. എന്നാൽ ഇപ്പോൾ ഉത്പാദനക്കുറവ് മൂലം കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പല കര്‍ഷകരും കൊക്കോ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. ഉത്പാദനം മെച്ചപ്പെടുന്നതോടെ ഇപ്പോള്‍ ലഭിക്കുന്ന ഉയര്‍ന്ന വില താഴേക്ക് പോകുകയാണ് പതിവെന്നും ഉത്പാദനം കുറഞ്ഞ സമയത്ത് ലഭിക്കുന്ന മെച്ചപ്പെട്ട വിലകൊണ്ട് കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നുമാണ് വാദം.