കൊച്ചിയിൽ ലഹരി കേസുകളുടെ എണ്ണം കൂടുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്‌തത് 1359 കേസുകള്‍ - കൊച്ചിയിൽ ലഹരിക്കേസുകളിൽ വർധന

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 24, 2024, 10:47 PM IST

എറണാകുളം: കൊച്ചിയിൽ ലഹരിക്കേസുകളിൽ കഴിഞ്ഞ വർഷം വർധനവെന്ന് സിറ്റി പൊലീസ്. തൊട്ടുമുമ്പുള്ള രണ്ട് വർഷങ്ങളെ അപേക്ഷിച്ചാണ് ലഹരി കേസുകളിൽ വർധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 1359 ലഹരി കേസുകളാണ് കൊച്ചി സിറ്റിയിൽ രജിസ്റ്റർ ചെയ്‌തത്. ഇതിൽ ഭൂരിഭാഗവും എംഡിഎംഎ കേസുകളാണ്. കൊച്ചിയിൽ ലഹരി കേസുകളുടെ എണ്ണം കൂടുന്നത് പൊലീസിൻ്റെ കാര്യക്ഷമതയാണ് കാണിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ പറഞ്ഞു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ലഹരിവ്യാപനമോ, കേസുകൾ കുറയുന്നത് ലഹരി കുറയുന്നതോ അല്ല തെളിയിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ലഹരി കേസുകളിൽ 1551 പ്രതികളെയാണ് കഴിഞ്ഞ വർഷം മാത്രം അറസ്റ്റ് ചെയ്‌തത്. 326 കിലോഗ്രാം കഞ്ചാവ് പിടിച്ചു. 253 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തിട്ടുണ്ട്. കൊറിയർ വഴി ലഹരി കടത്ത് നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ലഹരി വ്യാപനം തടയാൻ കഴിയുകയുള്ളൂ വെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കോളജുകളും, വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഓപറേഷൻ ജാഗ്രതയെന്ന പേരിൽ കൊച്ചി സിറ്റി പൊലീസ് ഇരുപത്തി നാല് മണിക്കൂർ നീണ്ട സ്പെഷ്യൽ ഡ്രൈവിൽ 114 പേരെ അറസ്റ്റ് ചെയ്‌തതായി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നാനൂറ് പൊലീസുകാർ ഒമ്പത് ടീമായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. ഏകദേശം 194 സ്ഥലത്ത് റെയ്‌ഡ്‌ നടത്തിയതായും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. അറസ്റ്റ് ചെയ്‌തവരിൽ പിടികിട്ടാപുള്ളികൾ ഉൾപ്പെടെയുള്ള പ്രതികൾ ഉൾപ്പെടുന്നു. ഇതിൽ കൊലക്കേസ്, ബലാത്സംഗ കേസ്, മോഷണക്കേസ് പ്രതികൾ ഉൾപ്പെടുന്നു. വിവിധ ജില്ലകളിൽ നിന്നായാണ് പ്രതികളെ പിടികൂടിയത്. ക്രമസമാധാനമുറപ്പിക്കാൻ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോകും. പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ എല്ലാ ഭാഗങ്ങളിലും പ്രതികളെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചയായി നടത്തിയ തയ്യാറെടുപ്പിനെ തുടർന്നാണ് പരിശോധനകളിലേക്ക് കടന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉൾപ്പെടെ പോയാണ് പ്രതികളെ കണ്ടെത്തിയത് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.