ഭൂമി കയ്യേറ്റം; മാത്യു കുഴല്‍നാടന്‍ എംഎല്‍എ കയ്യേറിയ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് സിപിഎം, തിരിച്ചടിച്ച് കോണ്‍ഗ്രസ്
🎬 Watch Now: Feature Video
ഇടുക്കി : ചിന്നക്കനാലിലെ മാത്യു കുഴൽനാടൻ്റെ റിസോർട്ട് ഭൂമിയെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കൊഴുക്കുന്നു. എംഎല്‍എ കയ്യേറിയ ഭൂമി ജില്ലയിലെ ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് സിപിഎം ജില്ല സെക്രട്ടറി സിവി വര്‍ഗീസ് പറഞ്ഞു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കിൽ ഒരാഴ്‌ചക്കുള്ളില്‍ ഭൂരഹിതരായവരെ അണിനിരത്തി എംഎല്‍എ കയ്യേറിയിട്ടുള്ള ഭൂമി പിടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു (Mathew Kuzhalnadan MLA). അതേസമയം വിഷയത്തില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസും തിരിച്ചടിച്ചു. സിപിഎമ്മിനും സിവി വര്‍ഗീസിനും ആര്‍ജവമുണ്ടെങ്കില്‍ ചിന്നക്കനാലിലും മൂന്നാറിലും സിപിഎം നേതാക്കള്‍ കയ്യേറിയിട്ടുള്ള ഭൂമിയാണ് പിടിച്ചെടുക്കേണ്ടതെന്നും കെപിസിസി മീഡിയ വക്താവ് സേനാപതി വേണു പറഞ്ഞു. ചിന്നക്കനാലില്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തി എന്നതാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെയുള്ള കേസ്. 50 സെന്‍റ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് (Mathew Kuzhalnadan Land Transaction Case). ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്‍റ് ഭൂമി എംഎല്‍എ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വിജിലന്‍സ് കണ്ടെത്തല്‍ ശരിവച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ല കലക്‌ടര്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് ഹിയറിങ്ങിന് ഹാജരാകണമെന്നാവശ്യപ്പെട്ട് റവന്യൂ വിഭാഗം എംഎല്‍എക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഈ മാസം തന്നെ ഹിയറിങ്ങിന് ഹാജരാകാണ് നിര്‍ദേശം. കേസിനൊപ്പം രാഷ്‌ട്രീയ വിവാദങ്ങളും കൊഴുക്കുമ്പോള്‍ ഭൂമി തിരിച്ച് പിടിക്കാനുള്ള നീക്കത്തിലാണ് റവന്യൂ വകുപ്പ് (Chinnakanal Land Issue).