അതിരപ്പിള്ളിയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത കാട്ടാനക്കുട്ടി; തുമ്പൂർമുഴിയിലെ പുഴയിൽ നിന്നും വെള്ളം കുടിക്കുന്ന ദൃശ്യം പുറത്ത് - Elephant calf without trunk
🎬 Watch Now: Feature Video
തൃശൂര്‍ : അതിരപ്പിള്ളി മേഖലയില്‍ വീണ്ടും തുമ്പിക്കൈ ഇല്ലാത്ത കാട്ടാനക്കുട്ടിയെ കണ്ടെത്തി. വെറ്റിലപ്പാറയിലെ തുമ്പൂർമുഴി പുഴയിൽ നിന്നും വെള്ളം കുടിച്ച് കാട്ടാന കൂട്ടത്തോടൊപ്പം റോഡ് മുറിച്ചു കടക്കുകയായിരുന്നു കാട്ടാനക്കുട്ടി. ഇന്ന് (04-04-2024) രാവിലെയോടെ ആണ് ആനക്കൂട്ടം റോഡില്‍ ഇറങ്ങിയത്. കാട്ടാനക്കൂട്ടത്തില്‍ പതിമൂന്ന് ആനകൾ ആണ് ഉണ്ടായിരുന്നത്. തുമ്പിക്കൈ ഇല്ലാത്ത കാട്ടാനക്കുട്ടിയും കൂട്ടത്തിലുണ്ട്. ആനക്കൂട്ടത്തോടൊപ്പം വെറ്റിലപ്പാറ തുമ്പൂർമുഴിയിലെ പുഴയിൽ നിന്നും വെള്ളം കുടിക്കുന്ന തുമ്പിക്കൈ ഇല്ലാത്ത കാട്ടാനക്കുട്ടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല എന്നാണ് ദൃശ്യങ്ങളിലൂടെ മനസിലാവുന്നത്. ദൃശ്യങ്ങളില്‍ ആനക്കുട്ടി പൂർണ ആരോഗ്യത്തോടെയാണ് കാണപ്പെടുന്നത്. ആദ്യം ആനക്കുട്ടിയുടെ ദൃശ്യങ്ങൾ പുറത്തു വന്നപ്പോൾ അപകടത്തിൽപ്പെട്ട് തുമ്പിക്കൈ നഷ്‌ടമായതെന്നാണ് എല്ലാവരും കരുതിയത്. ഏതെങ്കിലും മൃഗം ആക്രമിച്ചപ്പോഴോ, എന്തെങ്കിലും കുടുക്കിൽ കുടുങ്ങിയപ്പോൾ വലിച്ചപ്പോഴൊ ആണ് തുമ്പിക്കൈ അറ്റ് പോയതെന്നായിരുന്നു സംശയം. തുമ്പിക്കൈ ഇല്ലാതെ ആനക്കുട്ടിക്ക് ജീവിക്കാൻ സാധിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് ആനകൾക്ക് ഉണ്ടാകുന്ന വൈകല്യമാണ് എന്നത് ആന വിദഗ്‌ധർ തന്നെ വ്യക്തമാക്കിയിരുന്നു.