നാടുണര്‍ന്നു, അണ്ടലൂര്‍ കാവിലെ ഉത്സവം കെങ്കേമമാക്കാന്‍; കൊടിയേറുന്നത് ഫെബ്രുവരി 14 ന്
🎬 Watch Now: Feature Video
Published : Feb 2, 2024, 8:15 PM IST
|Updated : Feb 3, 2024, 6:15 PM IST
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ അണ്ടലൂര്‍ കാവിലെ ഉത്സവം നാടിന്‍റെ മഹോത്സവമാണ്. കുംഭം 1 ന് ആരംഭിക്കുന്ന ഉത്സവം ഏഴ് ദിവസം നീണ്ടു നില്‍ക്കും. ഫെബ്രുവരി 14 നാണ് ഇത്തവണത്തെ ഉത്സവം ആരംഭിക്കുക (Andalur Kavu festival 2024). ആചാരാനുഷ്‌ഠാന വൈവിധ്യങ്ങളാല്‍ വേറിട്ട് നില്‍ക്കുന്ന അണ്ടലൂര്‍ ഉത്സവത്തിന് ദേശവാസികള്‍ക്ക് പുറമേ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും പുതുമോടിയോടെ ഒരുങ്ങിയിരിക്കുകയാണ്. മത്സ്യ - മാംസങ്ങള്‍ ഉള്‍പ്പെടെയുള്ള സസ്യേതര ഭക്ഷണം ഉത്സവകാലങ്ങളില്‍ ഉപയോഗിക്കാറില്ല. ഉത്സവത്തിന് പുതുവസ്‌ത്രങ്ങള്‍ വാങ്ങുന്നതും ഇവിടെ പതിവാണ്. ആണ്‍കുട്ടികളും മുതിര്‍ന്ന പുരുഷന്‍മാരും ഉത്സവ ദിവസങ്ങളില്‍ ബനിയനും തോര്‍ത്തുമാണ് ധരിക്കുക. മൂവായിരത്തിലേറെ പേര്‍ രണ്ട് സെറ്റ് ബനിയനും തോര്‍ത്തും ഉത്സവത്തിനായി വാങ്ങുന്നു. വ്രതാനുഷ്‌ഠാനത്തിന്‍റെ ഭാഗമാണിത്. മറ്റുള്ള പുരുഷന്‍മാരും പുത്തന്‍ ഷര്‍ട്ടും മുണ്ടും ധരിക്കുന്ന പതിവുണ്ട്. ഇതെല്ലാം കണക്കു കൂട്ടി സ്വകാര്യ തുണിക്കടകളില്‍ വസ്‌ത്രങ്ങള്‍ ഒരുക്കി കഴിഞ്ഞു. കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റയില്‍ കോര്‍പ്പറേഷന്‍ ഫാക്‌ടറി ഉത്സവ വിപണന കേന്ദ്രവുമായി ഇത്തവണ രംഗത്തെത്തിയിട്ടുണ്ട്. പിണറായിയിലെ ഹൈടെക് വീവിങ് മില്‍സിന്‍റെ തുണിത്തരങ്ങള്‍ അണ്ടലൂരിലെയും ചിറക്കുനിയിലെയും ഔട്ട്‌ലറ്റുകളിലൂടെ വിപണനം ആരംഭിച്ചു. ആര്‍ഷകമായ ഷര്‍ട്ടുകള്‍, പേഴ്‌സ് പോലെ കൊണ്ടു നടക്കാവുന്ന മികച്ച സഞ്ചികള്‍, കിടക്കവിരികള്‍, മുണ്ടുകള്‍ എന്നീ സ്വയം നിര്‍മിത ഉത്പന്നങ്ങളും ഇവിടെ വില്‍പ്പനയ്‌ക്കുണ്ട്. കൂടാതെ മറ്റിടങ്ങളില്‍ നിന്നും ശേഖരിച്ച ബനിയന്‍, തോര്‍ത്ത്, മുണ്ട്, എന്നിവയും വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. മികച്ച വസ്‌ത്രങ്ങളും തുണിത്തരങ്ങളും റെഡിമേഡ് ഷര്‍ട്ടുകളും ടവ്വലുകളും മിതമായ നിരക്കില്‍ ഉത്സവകാലത്ത് ലഭ്യമാകുന്നത് ദേശവാസികള്‍ക്കും ആശ്വാസമാണ്.