ഓണസദ്യയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ് അവിയൽ. നിറയെ പച്ചക്കറികൾ ഇടുന്നതിനാൽ തന്നെ ഭൂരിഭാഗം ആളുകളും പരാതിപ്പെടുന്നത് ഇത് ചെറിയ രീതിയിൽ പാചകം ചെയ്യാൻ കഴിയില്ലെന്നാണ്. എന്നാൽ അധികം വേവിക്കാതെ ചെറിയ അളവിൽ അവിയൽ എങ്ങനെ പ്രഷർ കുക്കറിൽ തയ്യാറാക്കാമെന്ന് നോക്കിയാലോ.. ഈ ഓണക്കാലത്ത് ഇത് നിങ്ങൾക്ക് സഹായകമായേക്കും.
ചേരുവകൾ
- ചേന കഷണങ്ങളാക്കിയത് - രണ്ട്
- വാഴയ്‌ക്ക - ഒരെണ്ണത്തിന്‍റെ കാല്‍ ഭാഗം
- ചേമ്പ് - ഒന്ന്
- കാരറ്റ് - ഒരെണ്ണത്തിന്‍റെ പകുതി
- മുരിങ്ങ - ഒരെണ്ണത്തിന്‍റെ പകുതി
- നീളമുള്ള ബീൻസ് - നാല്
- പടവലങ്ങ - ഒരു ചെറിയ കഷണം
- വെളളരിക്ക - ഒരു ചെറിയ കഷണം
- പച്ചമാങ്ങ - ആവശ്യത്തിന്
- പച്ചമുളക് - മൂന്ന്
- മഞ്ഞൾ പൊടി - അര ടീസ്‌പൂൺ
- മുളകുപൊടി - അര ടീസ്‌പൂൺ
- വെളിച്ചെണ്ണ - ഒന്നര ടീസ്‌പൂൺ
- വെള്ളം - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- തേങ്ങ (ചതച്ചത്) - അര മുറി
- ജീരകം - അര ടീസ്‌പൂൺ
- സവാള - രണ്ട്
- വെളുത്തുളളി - രണ്ട് അല്ലി
തയ്യാറാക്കേണ്ട വിധം :
അരിഞ്ഞു വച്ചിരിക്കുന്ന ചേന, വാഴയ്‌ക്ക, ചേമ്പ്, കാരറ്റ്, മുരിങ്ങ, ബീൻസ്, പടവലങ്ങ, വെളളരിക്ക, പച്ചമാങ്ങ, പച്ചമുളക്, സവാള എന്നിവ രണ്ട് ടേബിൾ സ്‌പൂൺ വെളിച്ചെണ്ണ, രണ്ട് ടേബിൾ സ്‌പൂൺ വെള്ളം എന്നിവ ചേർത്ത് കൈകൾ ഉപയോഗിച്ച് നന്നായി മിക്‌സ് ചെയ്യുക. പ്രഷർ കുക്കറിൽ ആവശ്യത്തിന് വെളളം ഒഴിച്ചതിന് ശേഷം മിക്‌സ് ചെയ്‌ത് വച്ചിരിക്കുന്ന പച്ചക്കറികൾ ചേർത്ത് രണ്ട് വിസിൽ കേൾക്കുന്നത് വരെ മൂടിവയ്‌ക്കുക.
പിന്നീട് മൂടി തുറന്നതിന് ശേഷം അര ടീസ്‌പൂൺ ജീരകം, മഞ്ഞൾ പൊടി, മുളകുപൊടി, വെളുത്തുളളി എന്നിവ അര മുറി തേങ്ങയോടൊപ്പം ചേർത്ത് നന്നായി മിക്‌സിയിൽ ചതച്ചെടുക്കുക. ശേഷം വേവിച്ച് വച്ചിരിക്കുന്ന പച്ചക്കറിയിലേക്ക് ചേർത്ത് മിക്‌സ് ചെയ്യുക. ലോ ഫ്ലെയിമിൽ വേവിച്ച് കഴിഞ്ഞാൽ നിങ്ങളുടെ അവിയൽ തയ്യാർ. അവസാനം രുചിക്കായി ഒരു ടീസ്‌പൂൺ വെളിച്ചെണ്ണയും ഒഴിച്ചുകൊടുക്കുക. ഞൊടിയിടയിൽ സ്വാദിഷ്‌ടമായ അവിയൽ തയ്യാർ.