കോഴിക്കോട്: നഗരത്തിലെ തിരക്കിൽ നിന്നും അൽപം ആശ്വാസവും കുളിരുമേകുന്ന കേന്ദ്രമാണ് സരോവരം ബയോപാർക്ക്. 2008ൽ ആരംഭിച്ച ഈ പരിസ്ഥിതി സൗഹൃദ പാർക്ക് പക്ഷേ എല്ലാ വിധത്തിലും നാശത്തിന്‍റെ വക്കിലായിരുന്നു. ഇതോടെയാണ് 1.74 കോടി രൂപ സരോവരം പാര്‍ക്കിന്റെ വികസനത്തിനായി കഴിഞ്ഞ വർഷം ചെലവഴിച്ചത്.
എന്നാൽ അതിന്‍റെ പ്രവൃത്തികൾ എവിടെയും എത്താത്ത സാഹചര്യത്തിലാണ് 2.19 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൂടി വിനോദ സഞ്ചാര വകുപ്പ് ഭരണാനുമതി നൽകിയത്. ഓപണ്‍ എയര്‍ തിയേറ്റര്‍, ബയോ പാര്‍ക്കിനകത്ത് കല്ല് പാകിയ നടപ്പാത, റെയിന്‍ ഷെല്‍ട്ടറുകള്‍, കുട്ടികളുടെ പാര്‍ക്ക്, ചുറ്റുമതില്‍, മരം കൊണ്ടുള്ള ചെറുപാലങ്ങള്‍, സെക്യൂരിറ്റി കാബിന്‍, കവാടം എന്നിവ നവീകരിക്കും. കൂടാതെ പാര്‍ക്കില്‍ സിസിടിവി കാമറ സ്ഥാപിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു. തുരുമ്പെടുത്തതും പൊട്ടിയതുമായ ഇരിപ്പിടങ്ങള്‍, തകരാറിലായ വിളക്കുകാലുകള്‍ എന്നിവ നന്നാക്കുകയും ആവശ്യമായ ഭാഗങ്ങളില്‍ പുതിയ വിളക്കുകാലുകള്‍ സ്ഥാപിക്കുകയും ചെയ്യും.
വിവിധ പരിപാടികള്‍ക്കായി ആളുകള്‍ എത്തിച്ചേരുന്ന ഓപണ്‍ സ്റ്റേജും പരിസരവും മഴ നനയാതിരിക്കാനുള്ള ചെറുതും വലുതുമായ റെയിന്‍ ഷെല്‍ട്ടറുകള്‍, കഫറ്റീരിയ, അമിനിറ്റി സെന്റര്‍, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ നവീകരണം നടത്തുന്ന പ്രവൃത്തികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികളും കുടുംബവും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ എത്തുന്ന ഇടമാണ് ഈ ജൈവ ഉദ്യാനം. പ്രഭാത സവാരിക്കും വ്യായാമത്തിനും ധാരാളം ആളുകള്‍ സമയം ചെലവഴിക്കുന്നയിടം കൂടിയാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ സരോവരം ജൈവ ഉദ്യാനത്തിലെത്തിയാൽ ഇനി പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരില്ല. ജില്ലയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി സരോവരം പാര്‍ക്കിനെ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്.
കണ്ടൽക്കാടുകളുടെയും തണ്ണീർത്തടങ്ങളുടെയും സംരക്ഷണം ലക്ഷ്യമിട്ട് പരിസ്ഥിതി സൗഹൃദ പാർക്കായാണ് സരോവരം ബയോപാർക്ക് ആരംഭിച്ചത്. കനാൽ നടപ്പാത, ബോട്ടിങ് സൗകര്യം, ബട്ടർഫ്ലൈ പാർക്ക്, പക്ഷി സങ്കേതം, ബോർഡ്-വാക്ക്, പാർക്ക്, മ്യൂസിക്കൽ ഫൗണ്ടൻ, ഓപ്പൺ എയർ തിയേറ്റർ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. കനോലി കനാലിനോട് ചേർന്ന് ഏകദേശം 200 ഏക്കർ സ്ഥലത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.
വിവിധയിനം സസ്യങ്ങൾ, പക്ഷികൾ, എന്നിവയുടെ സുരക്ഷിത താവളം കൂടിയാണിത്. 7 കണ്ടൽ ഇനങ്ങളും 29 അനുബന്ധ ഇനങ്ങളും ഈ പ്രദേശത്ത് വളരുന്നു. പാർക്കിൽ 34 വ്യത്യസ്‌ത ഇനം പക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. വിശ്രമിക്കാൻ അനുയോജ്യമായ സരോവരം പക്ഷേ പല കാരണങ്ങളാൽ നാശത്തിന്‍റെ വക്കിലായിരുന്നു. എന്നാല്‍ വിനോദ സഞ്ചാര വകുപ്പിന്‍റെ കനിവില്‍ ഇനി പാര്‍ക്ക് കൂടുതല്‍ സുന്ദരിയാകും.