ന്യൂഡല്‍ഹി : വിശുദ്ധ റമദാന്‍ ഇസ്‌ലാം മത വിശ്വാസികള്‍ക്ക് പുണ്യ ദിനങ്ങളാണ്. ഉപവാസത്തിനൊപ്പം കൂടുതല്‍ ആത്മീയ കാര്യങ്ങളില്‍ മുഴുകുന്ന മാസമാണ് റമദാന്‍. ഇക്കാലയളവ് ഇഫ്‌താര്‍ വിരുന്നുകളുടെയും സംഗമങ്ങളുടെയും കാലം കൂടിയാണ്. ഇഫ്‌താര്‍ വിരുന്നുകളുടെ വാര്‍ത്തകളാണിപ്പോള്‍ മാധ്യമങ്ങളില്‍ ഏറെയും നിറയുന്നത്. വ്യത്യസ്‌ത ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്‍റെയും അതിന്‍റെ ചേരുവകളെ കുറിച്ചുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വീഡിയോകള്‍ നിറയുകയാണ്. ഇഫ്‌താറിന് പുറമെ സെഹ്‌റിക്കും (പുലര്‍ച്ചെയുള്ള ഭക്ഷണം) ഇതുപോലെ വ്യത്യസ്‌ത ഭക്ഷണ വിഭവങ്ങള്‍ തീന്മേശയില്‍ നിറയും.
സെഹ്‌രി സമയത്ത് കഴിക്കുന്ന 'ഖജ്‌ല' ഏറെ പ്രശസ്‌തമാണ്. ഡല്‍ഹിക്കാരുടെ പ്രധാന വിഭവങ്ങളിലൊന്നാണിത്. പാലില്‍ കുതിര്‍ത്താണ് കഴിക്കുക. വലിയൊരു പാത്രത്തിന്‍റെ വലിപ്പമുള്ളതാണ് ഈ വിഭവം. ഏകദേശം 12 മണിക്കൂര്‍ നേരമെടുത്താണ് ഈ പലഹാരം തയ്യാറാക്കുന്നത്.
ഡല്‍ഹിയിലാണ് റമദാന്‍ മാസത്തില്‍ ഈ പലഹാരം വളരെയധികം കാണാറുള്ളത്. മറ്റ് ഇസ്‌ലാമിക് രാജ്യങ്ങളുമായി ഇതിന് ബന്ധങ്ങളൊന്നുമില്ല. റമദാന്‍ മാസം തുടങ്ങിയാല്‍ ഡല്‍ഹിയിലെ തെരുവോരങ്ങളിലെ കടകളിലെല്ലാം ഖജ്‌ലകള്‍ നിറയും.
ഏകദേശം 100 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഖജ്‌ലയെന്ന ഈ പലഹാരം. പഞ്ചാബി ഭാഷയില്‍ നിന്നാണ് ഇതിന് പേരിട്ടിട്ടുള്ളത്. നേരത്തെ ഇത് ഖാജ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീടിതിന്‍റെ പേര് ഖജ്‌ല എന്നായി മാറുകയായിരുന്നു.
സെഹ്‌രി സമയത്ത് പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പിനെ അകറ്റുമെന്നാണ് ഡല്‍ഹി നിവാസികള്‍ പറയുന്നത്. കട്ടിയുള്ള ഭക്ഷണമായത് കൊണ്ട് തന്നെ വേഗത്തില്‍ വിശപ്പുണ്ടാക്കാത്തതാണിത്.
ഖജ്‌ല ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍:
- മൈദ
- നെയ്യ്
- വെള്ളം
പാകം ചെയ്യുന്ന വിധം:
- മൈദയും നെയ്യും അല്‍പ്പം ഉപ്പും യോജിപ്പിച്ചെടുക്കുക.
- ഇതില്‍ വെള്ളം ചേര്‍ത്ത് കുഴച്ച് മാവ് തയ്യാറാക്കണം.
- ഈ മാവ് ഏറെ നേരം കുഴച്ച് സോഫ്‌റ്റാക്കി ഉരുളകളാക്കുക.
- രണ്ടര ഇഞ്ച് വട്ടത്തില്‍ ഇവ പരത്തിയെടുക്കണം.
- പരത്തിയെടുക്കുന്ന ഇവ 10 മിനിറ്റ് സമയം മാറ്റിവയ്‌ക്കണം.
- പത്ത് മിനിറ്റിന് ശേഷം പാനില്‍ നെയ്യ് തൂകി അതില്‍ വറുത്തെടുക്കണം.
- ചപ്പാത്തി വട്ടത്തില്‍ പരത്തിയെടുത്ത് ഇവ കൂടുതല്‍ ബ്രൗണ്‍ കളറാകാതെ വറുത്തെടുക്കണം.